മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന് വീണ്ടും സാധ്യത: ജനതാദൾ എസിൽ തർക്കം; ചർച്ച സജീവം

എന്‍സിപി പ്രതിനിധിയായി എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്ത് എത്താന്‍ സാധ്യതയേറുന്നു. അതേസമയം ആരേ മന്ത്രിയാക്കണെന്ന് കാര്യത്തില്‍ ജനതാദള്‍ എസില്‍ തര്‍ക്കം തുടരുകയാണ്. കേന്ദ്രനേതൃത്വം തീരുമാനിക്കട്ടേ എന്ന നിലപാടിലാണ് മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും.

മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും രണ്ടു എം.എല്‍.എ മാര്‍ മാത്രമുള്ള എന്‍സിപിയിലും ജനാതാദള്ളിലും പ്രതിസന്ധി അകലുന്നില്ല. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് എന്‍സിപി പ്രതിനിധിയായി മന്ത്രിസ്ഥാനത്ത് എത്താന്‍ സാധ്യത കൂടുതല്‍. കുട്ടനാട് എം.എല്‍.എയും തോമസ് ചാണ്ടിയുടെ സഹോദരനുമായ തോമസ് കെ തോമസിനേക്കാളും പാര്‍ട്ടിയില്‍ പിന്‍തുണ എ കെ ശശീന്ദ്രനാണ്. തോമസ് കെ തോമസ് അടുത്ത കാലത്താണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നതാണ് ശശീന്ദ്രന്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന വാദം ഉയര്‍ത്തി തോമസ് കെ തോമസ് കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്. മന്ത്രിയേ തീരുമാനിക്കാന്‍ ജനതാദള്‍ കേരള ഘടകം വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയല്ല സംസ്ഥാത്തുള്ളത് എന്നതാണ് അന്തിമ തീരുമാനമെടുക്കാന്‍ തടസമായത്. 

മന്തിസ്ഥാനം തനിക്ക് തന്നെ തരണമെന്ന് ആവശ്യപ്പെട്ട് കെ കൃഷ്ണന്‍കുട്ടി എച്ച് ഡി ദേവഗൗഡയുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കഴിഞ്ഞാല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രി താനായിരുന്നുവെന്നാണ് കെ കൃഷ്ണന്‍കുട്ടി ദേവഗൗഡയേ അറിയിച്ചിരിക്കുന്നത്. മാത്യൂ ടി തോമസ് നേരത്തെയും മന്ത്രിയായിട്ട് ഉണ്ടെന്നും മന്ത്രിസ്ഥാനം വീതം വെയ്ക്കാതെ അഞ്ചുവര്‍ഷവും തനിക്ക് തന്നെ നല്‍കണമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ആവശ്യം. ജനതാദള്ളിലും  എന്‍ സിപിയിലും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേത് ആയതിനാല്‍ സിപിഎമ്മിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പരിമിതിയുണ്ട്. ഇടതുമുന്നണി യോഗം ചേരുന്ന പതിനേഴിനകം മന്തി ആരെന്ന് അറിയിക്കണമെന്ന് മാത്യൂ ടി തോസമ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.എന്‍സിപിയുടെ സംസ്ഥാന നേതൃയോഗം പതിനെട്ടാം തീയതിയും തിരുവനന്തപുരത്ത് ചേരും.