ടൂറിസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കം; എതിർത്ത് കേരളം

ടൂറിസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ എവിടെയും സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുടര്‍നടപടി തീരുമാനിക്കാന്‍ ഗതാഗതമന്ത്രി വെളളിയാഴ്ച ഉന്നതതല യോഗം വിളിച്ചു. കെ.എസ്.ആര്‍.ടി.സിയുടേയും സ്വകാര്യബസ് സര്‍വീസുകളെയും  നിലനില്‍പിന് തന്നെ തിരിച്ചടിയാകുന്ന തീരുമാനം അംഗീകരിക്കരുതെന്നാണ് പൊതുവികാരം 

ടൂറിസ്റ്റ് ബസുകള്‍ക്ക് നിലവില്‍ പെര്‍മിറ്റ് എടുക്കണം, റൂട്ട്, സമയം, ഈടാക്കാവുന്ന ചാര്‍ജ് എന്നിവ സംബന്ധിച്ചും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ കേന്ദ്ര നിര്‍ദേശം നടപ്പായാല്‍  ടൂറിസ്റ്റ് ബസുകള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. എവിടെയും ഏത് സമയത്തും സര്‍വീസ് നടത്താം. പെര്‍മിറ്റേ വേണ്ട. അങ്ങനെ വന്നാല്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വീസ് നടത്തുന്ന റൂട്ടില്‍പോലും ടൂറിസ്റ്റ് ബസുകള്‍ ഒാടും. ഇത് കേരളത്തിലെ മാത്രമല്ല, മുഴുവന്‍ സംസ്ഥാനങ്ങളിലേയും പൊതുഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഇതിലുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കാനാണ് സംസ്ഥാനത്തിന്റേയും തീരുമാനം. 

തീരുമാനവുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ സ്വീകരിക്കേണ്ട നടപടികളും വെള്ളിയാഴ്ചത്തെ യോഗത്തില്‍ തീരുമാനിക്കും. ഗതാഗത സെക്രട്ടറിക്ക് പുറമെ നിയമസെക്രട്ടറിയും ഗതാഗത കമ്മീഷണറും കെ.എസ്.ആര്‍.ടി.സി എം.ഡിയും യോഗത്തില്‍ പങ്കെടുക്കും. 22 സീറ്റില്‍ കൂടുതലുള്ള ആഡംബര ബസുകള്‍ക്കൊന്നും പെര്‍മിറ്റ് വേണ്ടെന്നാണ് കേന്ദ്രത്തിന്റ കരട് നിര്‍ദേശം.