നികുതി അടയ്ക്കാൻ സാവകാശം; സ്വകാര്യ ബസുകൾ ഒാട്ടം നിർത്തരുതെന്ന് മന്ത്രി

നികുതി അടയ്ക്കാനുള്ള സാവകാശം നല്‍കിയതിനാല്‍ സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം സ്വകാര്യ ബസുടമകള്‍ പുനപരിശോധിക്കുമെന്ന് കരുതുന്നതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഓട്ടം നിര്‍ത്തിയാല്‍ ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് അകലും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ രാത്രികാലങ്ങളിലുള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഗതാഗതമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്വകാര്യ ബസുടമകള്‍ ബസ് നിര്‍ത്തിയിടുന്നതിന് ഇതുവരെ ആര്‍.ടി.ഒ മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. നികുതിയടയ്ക്കാനുള്ള സാവകാശം അനുവദിച്ചതിനാല്‍ തീരുമാനം പിന്‍വലിക്കുമെന്നാണ് കരുതുന്നത്. ഇതിനപ്പുറം സഹായം നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.  രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചതിനാല്‍ കെ.എസ്,.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ തടസമില്ല. സംസ്ഥാന ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരമായിരിക്കും സര്‍വീസ് നടപ്പാക്കുക. 

ഓടുന്ന ബസുകളുടെ എണ്ണം കൂടിയാലും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുള്ള നിലവിലെ സര്‍വീസ് രീതി തുടരുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.