കോവിഡിനെതിരെ നൃത്തത്തിലൂടെ ബോധവൽക്കരണം; ശ്രദ്ധേയമായി ഡോക്ടർമാരുടെ ചുവട്

ആതുര സേവനത്തിനിടയില്‍ വനിതാ ഡോക്ടര്‍മാർ ഒരുക്കിയ നൃത്ത ശില്പം ശ്രദ്ധേയമാകുന്നു. കണ്ണൂരിലെ ആറു വനിതാ ഡോക്ടര്‍മാരാണ് നൃത്തത്തിലൂടെ കോവിഡിനെതിരായ ബോധവല്‍കരണം നടത്തുന്നത്.

കണ്ണൂരിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ടിക്കുന്ന വനിത ഡോക്ടര്‍മാരാണ് കോവിഡിനെതിരെ  ബോധവത്കരണം പ്രമേയമാക്കി നൃത്തച്ചുവടുകള്‍വെച്ചത്. നാലു മിനിറ്റുള്ള  വീഡിയോ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്.  

സംഘത്തിലെ, നാലു പേർ ചെറുതായെങ്കിലും നൃത്തം അഭ്യസിച്ചവരാണ്. മറ്റ് രണ്ടു പേർ കൂടി ചുവടുകൾ പഠിച്ചെടുത്തു. പരിശീലനവും ചിത്രീകരണവും എഡിറ്റിങ്ങും എല്ലാം ഒരാഴ്ചകൊണ്ട് പൂർത്തിയാക്കി. ജോലിയുടെ ഇടവേളകളിലായിരുന്നു പരിശീലനം.ജില്ലാ മെഡിക്കല്‍ ഓഫിസ് , നാഷണല്‍ ഹെല്‍ത്ത് മിഷന്‍ , ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വീഡിയോ പുറത്തിറക്കിയത്.ഡോക്ടര്‍മാരായ ഹൃദ്യ, മൃദുല, രാഖി, ഭാവന, അഞ്ചു, ജുംജുമി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. ഡോക്ടർ എ എസ് പ്രശാന്ത് കൃഷ്ണനാണ്  ഗാനാലാപനം.