ലൗ ജിഹാദ് തിരിഞ്ഞു കുത്തി; ക്രിസ്ത്യൻ സമുദായവും നീതി കാണിച്ചില്ല; പി സി ജോർജ്; അഭിമുഖം

40 വർഷം പൂഞ്ഞാറിന്റെ എംഎൽഎയായിരുന്ന പിസി ജോർജിന് ഇത്തവണയേറ്റത് കനത്ത തിരിച്ചടിയായിരുന്നു. . വോട്ടെണ്ണലിനു മുൻപേ പടക്കം പൊട്ടിച്ച് വിജയമാഘോഷിച്ച പിസി ജോർജിന് തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ തിരഞ്ഞെടുപ്പ് തോൽവി. തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ എല്ലാ വശവും മാറിയും തിരിഞ്ഞും പരിശോധിച്ചു. മതപുരോഹിതൻമാരുൾപ്പെടെ ഒരു സമുദായമൊന്നടങ്കം തനിക്കെതിരെ തിരിഞ്ഞെന്ന് പിസി ജോർജ് പറയുന്നു. ലൗ ജിഹാദിനെക്കുറിച്ചു സംസാരിച്ചതാണ് ഈ സമുദായങ്ങളെ ചൊടിപ്പിച്ചത്. ക്രിസ്ത്യൻ സമുദായത്തിന് വേണ്ടി സംസാരിച്ചെങ്കിലും അതും തിരിഞ്ഞ് കുത്തുകയായിരുന്നു. 42000 വോട്ടുകൾ നേടാൻ സാധിച്ചു. ക്രിസ്ത്യൻ സമുദായത്തിന്റെ പകുതി വോട്ടെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഞാൻ ജയിച്ചേനെ.‌ ക്രിസ്ത്യൻ സമുദായം തന്നോട് നീതി കാണിച്ചില്ലെന്നും പി സി ജോർജ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

‘അതേ സമയം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നീതിപരമായ സമീപനം ഗുണം ചെയ്തു. ഹിന്ദു വോട്ടുകളെല്ലാം ലഭിച്ചു. ആ നന്ദി എല്ലാ കാലത്തും അവരോടുണ്ടാകും. അന്നു ഞാൻ ശബരിമല വിഷയത്തിൽ നിലപാടെടുത്തില്ലായിരുന്നെങ്കിൽ  പൊലിസ് പെണ്ണുങ്ങളെയും കൊണ്ട് ശബരിമലയിൽ കയറുമായിരുന്നു. ’

ഇനി വളരെ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. കോവിഡ് രൂക്ഷത അയയുന്നതോടെ പാർട്ടി കമ്മിറ്റി വിളിച്ചു ചേർത്ത് ജനപക്ഷത്തിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. ഇന്നു രാവിലെ നടന്ന ചർച്ചയിലും അതാണ് തീരുമാനം. ക്രിയാത്മക പ്രതിപക്ഷമായിരിക്കും. എന്തിനും ഏതിനും വിമർശിക്കാനില്ല, സർക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും. പ്രത്യേകിച്ച് ഇന്ന് കേരളം  മുന്നേകാൽ ലക്ഷം കോടി രൂപ കടക്കെണിയിലാണ്.ആ സർക്കാർ വീണ്ടും ഭരിക്കാൻ വന്നിരിക്കുകയാണ്. എങ്ങനെ കേരള ജനത മുന്നോട്ട് പോകും. 99 സീറ്റുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം? ഇനി എവിടെ നിന്നും കടം കിട്ടും? അന്ന് മോദിയുടെ ഔദാര്യം കൊണ്ട് കടം കിട്ടി. സർക്കാറുദ്യോഗസ്ഥരുടെ ശമ്പളം വർധിപ്പിക്കുന്നു. കർഷകനെ അവഗണിക്കുന്നു. റബ്ബറിന്റെ താങ്ങുവില 250 രൂപയെങ്കിലുമാക്കണ്ടേ?. അതിനു പകരമായി വീണ്ടും കർഷകന്റെ തലയിൽ ഭാരമേൽപ്പിക്കുകയാണെന്നും ജോർജ് വ്യക്തമാക്കി.

ഈ തിരഞ്ഞെ‍ടുപ്പിലെ കോൺഗ്രസിന്റെ ഫലം അതിദയനീയമാണ്. ഈ കെപിസിസി പ്രസിഡണ്ടുൾപ്പെടെയുള്ളവർ രാജിവച്ച് രാഷ്ട്രീയം നിർത്തണം എന്നതാണ് എന്റെ അഭിപ്രായം. യുഡിഎഫ് എന്നെ വഞ്ചിച്ചതിൽ സങ്കടമുണ്ട്. എന്നോട് ഒരുമിച്ചു പോകണമെന്ന് പറഞ്ഞവർ വാക്കു പാലിച്ചില്ല .തിരഞ്‍ഞെടുപ്പിന് ഒരു മാസം മുൻപ് വരെ യുഡിഎഫിന്റെ ഭാഗമാകുമെന്നു കരുതി. കോൺഗ്രസിനു വിരുദ്ധമാകുമല്ലോ എന്നുകരുതി കാഞ്ഞിരപ്പള്ളിയിലെ അഞ്ചു പഞ്ചായത്തുകളിൽ കമ്മിറ്റി പോലും വെച്ചില്ല.. എന്നാൽ പിന്നീടറിഞ്ഞു ഭൂരിഭാഗം പേരും എന്നെ മുന്നണിയിലെടുക്കുന്നതിൽ പ്രതിഷേധിച്ചെന്ന്.  ആന്റോ ആന്റണി രാജിഭീഷണി മുഴക്കി. അതുകൊണ്ട് നഷ്ടം വന്നത് യുഡിഎഫിനു തന്നെ . അവരുടെ ഭാഗമായിരുന്നെങ്കിൽ പൂഞ്ഞാർ, ഏറ്റുമാനൂർ. ചങ്ങനാശേരി ഉൾപ്പെടെ യുഡിഎഫ് ജയിക്കുമായിരുന്നു. യുഡിഎഫിന്റെ തകർച്ചയ്്ക്ക് കാരണം ഉമ്മൻചാണ്ടിയും എനിക്കെതിരെ വന്നവരുമാണ്.