ചുവന്ന തുണി വീശി മുന്നറിയിപ്പ് നൽകി; രതീഷിന്റെ ഇടപെടൽ ഒഴിവാക്കിയത് വലിയ ദുരന്തം

മണ്ണൂര്‍ സ്വദേശി രതീഷിന്റെ ഇടപെടലാണ് കടലുണ്ടിയില്‍ വലിയൊരു അത്യാഹിതം ഒഴിവാക്കിയത്. എന്‍ജീന്‍ കടന്നുപോയതിന് പിന്നാലെ ശബ്ദം കേട്ടെത്തുമ്പോള്‍ റയിൽവേ ട്രാക്ക് വേര്‍പെട്ട നിലയിലായിരുന്നു. ബഹളം വച്ച് ആളെക്കൂട്ടിയ രതീഷ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിനൊപ്പം ചുവന്ന തുണി വീശി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

കോഴിക്കോട് കടലുണ്ടി മണ്ണൂരിലാണ് റയില്‍വേ പാളത്തില്‍ വിള്ളലുണ്ടായത്‍. എന്‍ജിന്‍ കടന്നുപോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു പിന്നാലെ റയില്‍വേ ഉദ്യോഗസ്ഥരെത്തി പാളങ്ങള്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ വെല്‍ഡിങ് നീങ്ങിയത് ഒരുമണിക്കൂറിനുള്ളില്‍ പുനസ്ഥാപിക്കുകയായിരുന്നു. കോഴിക്കോട് - ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തകരാര്‍ പരിഹരിച്ച പാളത്തിലൂടെ ഇരുപത് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.