‘ഇതൊക്കെ ഞാൻ ചെയ്തതെങ്കില്‍ എന്റെ വീട് നിങ്ങള്‍ തകർക്കില്ലേ..?’: വിമര്‍ശിച്ച് വീണ

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ചട്ടങ്ങൾ പൂർണമായും ലംഘിച്ചുവെന്ന ആരോപണം ശക്തമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.  ‘മരണത്തിന്റെ വ്യാപാരികൾ’ എന്ന പഴയ പ്രയോഗവും പ്രതിപക്ഷം സൈബർ ഇടത്തിൽ കുത്തിപ്പൊക്കുകയാണ്. പ്രവാസികളും പ്രതികരിച്ച് രംഗത്തെത്തി. ഇതിനൊപ്പം രസകരമായ ഒരു ചോദ്യം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി കൂടിയായ വീണ എസ്.നായർ. 

‘എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക.ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക.ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ  ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന പ്രോട്ടക്കോളും കാറ്റിൽ പറത്തി  എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ ?’ വീണ ചോദിക്കുന്നു. 

ഈമാസം നാലുമുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപണം ശക്തമായത്. നാലാംതീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു. 

കുടുംബാഗംങ്ങള്‍ കോവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍  ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിന് ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം  നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിന് രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.  രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നു എന്ന് ആരോപണങ്ങള്‍ ഉയരുന്നു.