ലോഡിങ് തൊഴിലാളികളുടെ നിസ്സഹകരണം; എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം

മധ്യകേരളത്തില്‍ പാചകവാതകക്ഷാമം രൂക്ഷമാക്കി കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയം പ്ലാന്റില്‍ ലോഡിങ് തൊഴിലാളികളുടെ മെല്ലെപ്പോക്ക്. പ്ലാന്റില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നത് പകുതിയോളം ലോറികള്‍ക്ക് മാത്രം. ഭാരത് പെട്രോളിയം അധികൃതര്‍ പ്രശ്നപരിഹാരത്തിന് ഇടപെടുന്നില്ലെന്നാണ് മെല്ലെപ്പോക്ക് കാരണം ദുരിതത്തിലായ ലോറി ഡ്രൈവര്‍മാരുടെ പരാതി.

പ്ലാന്റില്‍ നിന്ന് പാചകവാതകം നിറയ്ക്കുന്ന സിലിണ്ടറുകള്‍ ലോറികളിലേക്ക് എത്തിക്കുന്നത് ലോഡിങ് തൊഴിലാളികളാണ്. തദ്ദേശതിരഞ്ഞെടുപ്പ് സമയത്താണ് ഇവര്‍ മെല്ലെപ്പോക്ക് തുടങ്ങിയത്. ലോഡുമായി 150 ലോറികളാണ് ദിവസേന ഇവിടെ നിന്നും മധ്യകേരളത്തിലെ വിവിധ ജില്ലകളിലേക്ക് പോയിരുന്നത്. ഇപ്പോള്‍ അത് മൂന്നിലൊന്നായി ചുരുങ്ങി. പല ഏജന്‍സികളിലും പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങി. ലോറിയുമായി ലോഡിനായി ദിവസേന പ്ലാന്റിന് മുന്നില്‍ കാത്തിരിക്കുന്ന തൊഴിലാളികളും ദുരിതത്തിലാണ്. ദിവസങ്ങളോളം കാത്തിരിക്കുമ്പോഴാണ് പലര്‍ക്കും ഇപ്പോള്‍ ഒരു ലോഡ് സിലിണ്ടര്‍ ലഭിക്കുന്നത്. 

മെല്ലെപ്പോക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് ഭാരത് പെട്രോളിയം അധികൃതര്‍ ഇടപെടുന്നില്ലെന്നും ലോറി ഡ്രൈവര്മാര്‍ പരാതിപ്പെടുന്നു. ലോഡിങ് തൊഴിലാളികള്‍ മെല്ലെപ്പോക് ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്ലാന്റില്‍ നിന്നുള്ള ലോഡ് എടുക്കല്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിലാണ് ലോറി ഡ്രൈവര്‍മാരുടെ സംഘടനയും