ശ്രദ്ധേയമായി 'ചേല'; ചേന്ദമംഗലം ഉൽപ്പന്നങ്ങളുടെ വൻനിരയുമായി എകസ്പോ

ചേന്ദമംഗലത്തെ തനത് കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും അവസരമൊരുക്കി 'ചേല'.  ചേന്ദമംഗലം ഹെറിറ്റേജ് ഒാഫ് എക്സെലന്‍സ് ഇന്‍ ലൂംസ് ആന്‍ഡ് ആര്‍ട്ടിസാന്‍ഷിപ് അഥവ ചേലയുടെ പ്രദര്‍ശനം കലൂര്‍ എ.ജെ ഹാളിലാണ്. 

സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് ചേല എക്സ്പോയുടെ ലക്ഷ്യം. ജില്ലയിലെ പ്രധാന കൈത്തറിക്കാരായ ചേന്ദമംഗലത്തിന്റെ ഉല്‍പ്പന്നങ്ങളാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണം. ഏഴ് സ്റ്റാളുകളിലായാണ്  പ്രദര്‍ശനം. ചേല എക്സപോയുടെ ഉദ്ഘാടനം പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ശെല്‍വരാജായിരുന്നു മുഖ്യാതിഥി. നബാര്‍ഡും കേരള ബാങ്കുമാണ് എക്സ്പോ സ്പോണ്‍സര്‍ ചെയ്യുന്നത്.

സ്വകാര്യ മേഖലയിലുള്ള വസ്ത്രങ്ങളുമായി കിടപിടിക്കുന്ന തരത്തില്‍ കൈത്തറി വസ്ത്രങ്ങളെ മാറ്റാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനവും വില്‍പ്പനയും നാളെ അവസാനിക്കും.