ഐഎന്‍എലിന്റെ അഞ്ചു സീറ്റ് ആവശ്യം തള്ളി; മൂന്ന് സീറ്റുകള്‍ നൽകാൻ ധാരണ

കോഴിക്കോട് സൗത്തടകം ഐഎന്‍എലിന് മൂന്ന് സീറ്റുകള്‍ നല്‍കാനാണ് ഇടതുമുന്നണിയിലെ ധാരണ. അഞ്ച് സീറ്റ് വേണമെന്ന ആവശ്യം സിപിഎം തള്ളി. 

കാസര്‍കോടിന് പകരം മറ്റൊരു മണ്ഡലം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പിലാണിപ്പോള്‍ ഐഎന്‍എലിന്‍റെ പ്രതീക്ഷ. 

കാസര്‍കോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്. കഴിഞ്ഞ തവണ മല്‍സരിച്ച ഈ മൂന്ന് സീറ്റുകളാണ് ഇത്തവണയും ഐഎന്‍എലിന്. മലബാറിന് പുറമേ 

തെക്കന്‍ ജില്ലകളില്‍ രണ്ട് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 

കോഴിക്കോട് സൗത്തില്‍, 2016ല്‍ മല്‍സരിച്ച എ.പി. അബ്ദുല്‍ വഹാബിനെ തന്നെയാണ് പരിഗണിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിലും വഹാബിന്‍റെ പേര് പറഞ്ഞുകേള്‍ക്കുന്നു. ശനിയാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും. കാസര്‍കോടിന് പകരം ഉദുമ വേണമെന്ന ആവശ്യവും മുന്നണി നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.