വാഹനത്തിൽ കാട്ടുപന്നി ഇടിച്ചു, കൊക്കയിലേക്ക്; 150 അടി താഴെ മരക്കുറ്റിയിൽ പിടിച്ചു കിടന്ന് തോമസ്

രാജകുമാരി∙ ഭിന്നശേഷിക്കാരനായ ഗൃഹനാഥനു മുച്ചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് ഗുരുതര പരുക്ക്. സേനാപതി ഒട്ടാത്തി കിഴക്കേത്തടത്തിൽ തോമസ്(ബെന്നി–54)നാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 9നു വെങ്കലപ്പാറയ്ക്കു സമീപമാണ് സംഭവം. ചെറുതോണിയിൽ ഭിന്നശേഷിക്കാരുടെ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തോമസ്. റോഡിനു മുകൾഭാഗത്തു നിന്നു ചാടിയ കാട്ടുപന്നി ഇടിച്ചതോടെ വാഹനവും തോമസും കൊക്കയിലേക്ക് മറിഞ്ഞു.

തോമസ് റോഡിന് 150 അടി താഴെ ഒരു മരക്കുറ്റിയിൽ പിടിച്ചു കിടന്നെങ്കിലും വാഹനം വീണ്ടും താഴേക്കു പതിച്ചു. ഗുരുതരമായി പരുക്കേറ്റ തോമസ് നിലവിളിച്ചെങ്കിലും ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആരും എത്തിയില്ല. 2 മണിക്കൂറോളം എടുത്ത് തോമസ് എത്തിവലിഞ്ഞ് റോഡിലെത്തി സമീപത്തെ ഒരു വീട്ടിൽ അഭയം തേടി. ഇൗ വീട്ടുകാർ തോമസിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്കു ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഇടതു തോളെല്ല് ഒടിഞ്ഞിട്ടുണ്ടെന്നും വാരിയെല്ലിനു പൊട്ടൽ സംഭവിച്ചതായും ഡോക്ടർമാർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ, ചികിത്സ നൽകിയ ശേഷം തോമസിനെ വീട്ടിലേക്ക് അയച്ചു. 2008ൽ കോട്ടയത്തുണ്ടായ വാഹന അപകടത്തെത്തുടർന്ന് തോമസിന്റെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയ തോമസ് 2 പെൺമക്കളോടൊപ്പമാണ് കഴിയുന്നത്. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തോമസിന് തുടർചികിത്സയെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയാണ്.