90 കൂടുകൾ, 3 ലക്ഷം മത്സ്യം: ബാണാസുര സാഗര്‍ അണക്കെട്ടിലെ വിജയപ്പെരുമ; അക്കഥ

റീ ബില്‍ഡ് കേരളയുടെ ഭാഗമായി വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി വൻവിജയം. പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് പദ്ധതി ആരംഭിച്ചത്. 

അണക്കെട്ടിലെ ശുദ്ധജലത്തിൽ വളർന്ന ഗിഫ്റ്റ് തിലാപ്പിയ ഇനത്തില്‍പ്പെട്ട മീനുകളാണിത്. ഏകദേശം അര കിലോവരും ഒരുമീൻ. വരുന്ന ആഴ്ചകളിൽ വിളവെടുപ്പ് ആരംഭിക്കും. അങ്ങനെ വര്‍ഷത്തില്‍ രണ്ട് തവണ വിളവെടുപ്പ് നടത്താം. 

വലയുപയോഗിച്ച് ഫ്ലോട്ടിങ് പാനലില്‍ കൂട് കെട്ടിയാണ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. മൂന്ന് നേരം തീറ്റ നല്‍കും. അണക്കെട്ടിന്റെ ആഴമേറിയ ജലത്തിലാണ് ഇവ വളരുന്നത്. 151 അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. കേന്ദ്ര സർക്കാർ പദ്ധതിയിൽ നൂറ് കൂടുകളും വൈകാതെ അണക്കെട്ടിൽ സ്ഥാപിക്കും. മത്സ്യോല്‍പാദനത്തില്‍ സമുദ്ര മേഖലയെ മാത്രം ആശ്രയിക്കുന്ന രീതിയാണ് ഈ മത്സ്യകൃഷിയോടെ മാറിയിരിക്കുന്നത്.