തിരഞ്ഞെടുപ്പ് വേളയിൽ ഉദ്ഘാടന നാടകം; എംഎൽഎയെ കൂട്ടിലടച്ച് കോൺഗ്രസിന്റെ പ്രതീകാത്മക സമരം

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന പ്രധാന നേട്ടമായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഉദ്ഘാടന നാടകം 

നടത്തിയെന്ന് കാട്ടി കോണ്‍ഗ്രസിന്റെ സമരം. നാലു കൂടുകള്‍ തുറക്കുന്ന പ്രഖ്യാപനം നടപ്പാക്കാതെ ഉദ്ഘാടനം നടത്തിയതിന് ചീഫ് വിപ്പ് കെ.രാജനെ കൂട്ടിലടച്ചായിരുന്നു പ്രതീകാത്മക സമരം. 

തൃശൂര്‍ പുത്തൂര്‍ മൃഗശാലയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം വലിയ ചടങ്ങുകളോടെ നടന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥലം എം.എല്‍.എ: ചീഫ് വിപ്പ് കെ.രാജന്‍ നടത്തിയ നാടകമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നാലു കൂടുകള്‍ മാറ്റുമെന്ന വാഗ്ദാനം നടപ്പിലായില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. നാലു കൂടുകള്‍ താല്‍ക്കാലികമായി ഒരുക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനകത്ത് മൃഗങ്ങളുടെ ഡമ്മിയും ഇട്ടിരുന്നു. ഒരു 

കൂട്ടില്‍ സ്ഥലം എം.എല്‍.എയുടെ ചിത്രം പതിച്ചായിരുന്നു പ്രതീകാത്മക സമരം. കെ.പി.സി.സി. സെക്രട്ടറിമാരായ ഷാജി ജെ കോടങ്കണ്ടത്തും ടി.ജെ.സനീഷ്കുമാറുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്..

വണ്ടിയില്‍ കയറ്റി പ്രതീകാത്മക കൂടുകള്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനു മുമ്പില്‍ എത്തിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്‍ വരുന്നത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധമാണ് എല്‍.എഡി.എഫിന്. ഇതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്.