കവലകളിലെ കോൺവെക്സ് കണ്ണാടികൾ; കാണുന്നത് കോടികള്‍ പാഴാകുന്നത്

സംസ്ഥാനത്തെ കവലകളില്‍ വഴി കാണാന്‍ സ്ഥാപിച്ച കോണ്‍വെക്സ് കണ്ണാടികള്‍ അറ്റകുറ്റപ്പണി നടത്താതെ തദ്ദേശ സ്ഥാപനങ്ങള്‍. വണ്ടി തട്ടി തകര്‍ന്നും, കണ്ണാടി പ്രതലം വൃത്തിയാക്കാതെയും കോടിക്കണക്കിന് രൂപയാണ് പൊതുവഴിയില്‍ പാഴാകുന്നത്.

വളവിലും, ജംക്‌ഷനുകളിലും ഇങ്ങനെ മറുഭാഗത്തെ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാനും അപകടം ഒഴിവാക്കാനുമാണ് കോണ്‍വെക്സ് കണ്ണാടികള്‍ സ്ഥാപിക്കുന്നത്. നഗരപ്രദേശത്ത് ഏത് റോഡിലും ഉപറോഡുകള്‍ ചേരുന്നിടത്ത് കണ്ണാടികളുണ്ട്. പക്ഷേ ഉപയോഗക്ഷമത എത്രയുണ്ട്.

വണ്ടി തട്ടി പൊട്ടിയാലും, ദിശ തിരിഞ്ഞാലും ആരും തിരിഞ്ഞു നോക്കില്ല. പൊടി പിടിച്ചാല്‍ പിന്നെ ആ ഭാഗത്തേക്ക് നോക്കുന്നതേ അറപ്പാണ്. ഫലത്തില്‍ വഴിയിലെ മുക്കില്‍വന്ന് എത്തിനോക്കിയാല്‍ വണ്ടി തട്ടാതെ മുന്നോട്ടുപോകാം.

കൊച്ചിയില്‍ തൃക്കാക്കരയില്‍മാത്രം 215 എണ്ണം നഗരസഭ സ്വന്തം ഫണ്ടുപയോഗിച്ച് സ്ഥാപിച്ചിട്ടുണ്ട്. ചെലവ് 11 ലക്ഷം രൂപ. സമാനമായ രീതിയില്‍ സംസ്ഥാനത്തെ ബാക്കി എണ്‍പത്തിയാറ് നഗരസഭകളിലും, ആറ് കോര്‍പറേഷനിലുമായി കോടിക്കണക്കിന് രൂപയുടെ കോണ്‍വെക്സ് കണ്ണാടികള്‍ 

സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ഒന്നിനും അറ്റകുറ്റപ്പണി ചെയ്യില്ല.