വിരമിക്കൽ പ്രായമെത്തി; ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം സ്ഥാനമൊഴിയുന്നു. ബിഷപുമാരുടെ വിരമിക്കല്‍ പ്രായമായ 

75 വയസ് പൂര്‍ത്തിയാകുന്നതോടനുബന്ധിച്ചാണ് തീരുമാനം. സഹായമെത്രാന് ചുമതലകള്‍ കൈമാറിയതായും വത്തിക്കാനില്‍ നിന്നുളള അനുമതിക്കായി കാക്കുന്നതായും ആര്‍ച്ച് ബിഷപ് വൈദികര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. 

ലത്തീന്‍ കത്തോലിക്കരുടെ മാത്രമല്ല, അനന്തപുരിയുടെ ആകെ ആധ്യാത്മിക പിതാവാണ് ഒൗദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നത്. 

1989 ഡിസംബര്‍ 2ന് തിരുവനന്തപുരം രൂപതയുടെ സഹായമെത്രാനായും 1991ല്‍ രൂപതയുടെ പൂര്‍ണ ചുമതലക്കാരനായും ഡോ മരിയ സൂസപാക്യം അഭിഷക്തനായി. 2004 ജൂണ്‍ 17 ന് തിരുവനന്തപുരം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഡോ സൂസപാക്യം പ്രഥമ ആര്‍ച്ച് ബിഷപായി. അടിച്ചമര്‍ത്തലിന്റെ കഥകള്‍  ഏറെ പറയാനുളള ഒരു ജനതയുടെ അമരത്തേയ്ക്കാണ് അദ്ദേഹം കടന്നു വന്നത്. 

ആര്‍ച്ച് ബിഷപെന്നാല്‍ അരമനക്കെട്ടിനുളളിലെ മാത്രം ഭരണമല്ലെന്നു വിശ്വസിച്ച സൂസപാക്യം അവര്‍ക്കിടയിലേയ്ക്കിറങ്ങി. കാററിലും കടല്‍ക്ഷോഭത്തിലും ആടിയുലഞ്ഞ ജനതയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന്് നിന്നു. വ്യാജ വാററിനു കുപ്രസിദ്ധമായിരുന്ന പൊഴിയൂര്‍ ഗ്രാമത്തെ മോചിപ്പിക്കുകയായിരുന്നു അദ്ദേഹമേറ്റെടുത്ത ആദ്യ സാമൂഹ്യ ദൗത്യം. സര്‍ക്കാരും പൊലീസും മുട്ടുമടക്കിയിടത്ത് വിജയക്കൊടി നാട്ടിയതോടെ കേരളമൊട്ടാകെ സൂസപാക്യത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനുളള പ്രക്ഷോഭം, സൂനാമി ഫണ്ട് വകമാററിയതിനെതിരെയുളള പ്രതിഷേധം,  വിഴിഞ്ഞം – പൂന്തുറ കലാപബാധിതര്‍ക്ക് നീതി ലഭ്യമാക്കാനുളള സമരങ്ങള്‍ തുടങ്ങി ഒാഖി ബാധിതര്‍ക്കായുളള പോരാട്ടം വരെ നിരന്തര സമര ജീവിതം. ലാളിത്യം ജീവിത വ്രതമാക്കിയ പാവങ്ങളുടെ ഇടയന്‍ പെരുന്നാളുകളുടെ പേരിലുളള ആര്‍ഭാടങ്ങള്‍ക്കും കടിഞ്ഞാണിട്ടു. ഒൗദ്യോഗിക ചുമലതകളില്‍ നിന്നൊഴിഞ്ഞാലും അതിരൂപതാ സെമിനാരിയില്‍ ആധ്യാത്മിക തേജസായി, കര്‍മനിരതനായി  അദ്ദേഹമുണ്ടാകും.