ലിജോയെ കാണാൻ കലക്ടറെത്തി; വീടുൾപ്പടെയുള്ള സഹായം ഉറപ്പ് നൽകി; പ്രതീക്ഷ

പതിനാല് വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന തിരുവനന്തപുരം പാറശാല സ്വദേശി ലിജോയേയും എല്ലാം വിറ്റുപെറുക്കി ലിജോയെ കാക്കുന്ന ജ്യേഷ്ഠൻ വിപിനേയും സന്ദർശിക്കാൻ ജില്ലാ കലക്ടറെത്തി. ലൈഫ് മിഷൻ വഴി വീടുൾപ്പെടെയുള്ള സർക്കാർ സഹായം  ഡോ നവ് ജ്യോത് ഖോസ ഉറപ്പു നല്കി. 

പതിനാല് വർഷമായി ജീവിതത്തോട് പൊരുതുന്ന ലിജോയുടേയും  അദ്ദേഹത്തിന്റെ യഥാർഥ വെന്റിലേറ്ററായ ജ്യേഷ്ഠൻ വിപിന്റേയും കഥ മനോരമ ന്യൂസിലൂടെ കണ്ടറിഞ്ഞാണ്  ലോകം അവരെ ചേർത്തുപിടിച്ചത്. പിന്നാലെയിപ്പോൾ സർക്കാർ സഹായവുമെത്തുന്നു. വാടക വീടുകൾ മാറിമാറിക്കഴിയേണ്ട ദുര്യോഗം ഇവർക്കിനിയുണ്ടാകില്ല. ലൈഫ് മിഷൻ കോർഡിനേറ്ററോടൊപ്പമെത്തിയ കലക്ടർ ഇവരുടെ വീടെന്ന സ്വപ്നം ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പു നല്കി. 

ലിജോയ്ക്കും കുടുംബത്തിനും റേഷൻ കാർഡും ഇലക്ട്രിസിറ്റി ബിൽ ആനുകൂല്യവും നല്കി. കുടുംബത്തിന്റെ അവസ്ഥ വിവരിച്ച് കലക്ടർ സർക്കാരിന് റിപ്പോർട്ട് നല്കും. 2007 ലാണ് അക്യൂട്ട് എൻസ ഫലോ െമെലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച് ലിജോയുടെ കഴുത്തിന് താഴെ തളർന്നത്.  സന്മനസുകൾക്കൊപ്പം സർക്കാരിന്റെ തണൽ കൂടി ഒരുങ്ങുന്നതോടെ ലിജോയ്ക്കും വിപിനും ജീവിതത്തിൽ പ്രതീഷയേറുകയാണ്.