കോട്ടയം കലക്ടറായി എം.അഞ്ജന ചുമതലയേറ്റു; മുൻപിൽ കോവിഡും കാലവർഷവും

കോട്ടയം ജില്ലാ കലക്ടറായി എം. അഞ്ജന ചുമതലയേറ്റു. ജില്ലയിൽ കോവിഡ് പ്രതിരോധത്തിനൊപ്പം കാലവര്‍ഷ ദുരന്ത നിവാരണത്തിനും ഊന്നൽ നൽകുമെന്ന് കലക്ടർ വ്യക്തമാക്കി. 

ജില്ലയുടെ 46ആമത് കലക്ടറാണ് എം.അഞ്ജന.  കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം പിഴവുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണ് കലക്ടറുടെ പ്രധാന വെല്ലുവിളി. ഇതിന് പൊതുജനങ്ങളുടെ പിന്തുണയും കലക്ടർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാലവർഷം ജില്ലയിൽ കനത്ത നാശം വിതച്ചു. മഴ ശക്തമായാൽ വെള്ളപ്പൊക്കമുൾപ്പെടെ നേരിടണം. ലോക്ഡൗണിനെ തുടർന്ന് മന്ദഗതിയിലായ ശുചീകരണ നടപടികളുടെയും വേഗം കൂട്ടണം.

പി.കെ. സുധീർബാബു വിരമിച്ച ഒഴിവിലാണ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന  അഞ്ജന കോട്ടയം ജില്ലയുടെ ചുമതലയേറ്റത്. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ്.