വെള്ളക്കെട്ട് പരിഹരിക്കാന്‍ ഒാപ്പറേഷന്‍ ബ്രേക്ക് ത്രൂ; കലക്ടറുടെ പരിശോധന

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവിഷ്കരിച്ച ഒാപ്പറേഷന്‍ ബ്രേക്ക് ത്രൂ കര്‍മപദ്ധതിയുടെ ഭാഗമായി പേരണ്ടൂര്‍ കനാല്‍ പരിസരത്ത് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. നിര്‍മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് കനാലാണെന്ന് ബോധ്യമായെന്ന് കലക്ടര്‍. പദ്ധതിയുടെ ഭാഗമായ ഓഫിസ് അടുത്തമാസം ഒന്നാംതീയതി മുതൽ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കും. 

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ജഡ്ജസ് അവന്യൂവിലെ കനാല്‍ പരിസരത്ത് കലക്ടറും സംഘവും പരിശോധന നടത്തിയത്. ഇരുവശത്തുമുള്ള റോഡുകളെല്ലാം കനാലിന് താഴെയായതില്‍ വെള്ളം ഒഴുകി കനാലിലേക്ക് എത്തുന്നില്ല. അതിനാല്‍ ഇവിടെ െവള്ളക്കെട്ട് എപ്പോഴും പ്രധാന പ്രശ്നമാണ്. ഉയരം കൂടിയ ഭാഗങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് കളയാനാണ് തീരുമാനം. 

അടുത്തമാസം പ്രവര്‍ത്തനം തുടങ്ങുന്ന ബ്രേക്ക് ത്രൂ പദ്ധതിയുടെ ഓഫിസില്‍ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കും. 

പദ്ധതിയുടെ ഭാഗമായി മുപ്പത് വാര്‍ഡുകളില്‍ ആദ്യഘട്ട പരിശോധന ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഡിവിഷനുകള്‍ക്ക് കീഴിലുള്ള കനാലുകളും തോടുകളും നവീകരിക്കുന്നതിനുള്ള രൂപരേഖയാണ് അടുത്തഘട്ടത്തില്‍ തയാറാക്കുക. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതോടെ കൊച്ചി നഗരത്തിന്‍റെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.