എ.ഡി.എമ്മിന് സല്യൂട്ട് നൽകിയില്ല; അന്വേഷണം ആവശ്യപ്പെട്ട് കലക്ടർ; വിശദീകരണം

കോഴിക്കോട് ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എ.ഡി.എമ്മിനെ പൊലീസ് സല്യൂട്ട് ചെയ്തില്ലെന്ന പരാതിയില്‍ അന്വേഷണം. ജില്ലാ കലക്ടര്‍ സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. ചട്ടപ്രകാരം എ.ഡി.എമ്മിന് ജനറല്‍ സല്യൂട്ട് നല്‍കേണ്ടതില്ലെന്നാണ് പൊലീസ് വിശദീകരണം. 

ഗതാഗതമന്ത്രിയും കലക്ടറും കോവിഡ് നിരീക്ഷണത്തിലായതിനാലാണ് പകരക്കാരിയായി എ.ഡി.എം റോഷ്നി നാരായണന്‍ വിക്രം മൈതാനിയിലെ ചടങ്ങില്‍ പങ്കെടുത്തത്. ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച എ.ഡി.എമ്മിന് പൊലീസ് ജനറല്‍ സല്യൂട്ട് നല്‍കിയില്ലെന്നാണ് പരാതി. സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച എ.ഡി.എമ്മിനെ അപമാനിച്ചത് ചട്ടലംഘനമെന്നറിയിച്ച് ജോയിന്റ് കൗണ്‍സില്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പിന്നാലെ കലക്ടര്‍ സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. 

പരേഡ് കമണ്ടാന്‍ഡിനോട് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് നല്‍കേണ്ടെന്നാണ് പൊലീസ് നിര്‍ദേശമെന്നായിരുന്നു വിശദീകരണം. സംഭവത്തില്‍ എ.ഡി.എം കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. എ.ഡി.എമ്മിന് ജനറല്‍ സല്യൂട്ട് നല്‍കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സല്യൂട്ട് നല്‍കിയാല്‍ മതിയെന്നാണ് ചട്ടം.