മുള സർബത്തിന്റെ വേറിട്ട രുചി; അകമലയില്‍ വഴിയാത്രക്കാരുടെ തിരക്ക്

തൃശൂര്‍ വടക്കാഞ്ചേരി അകമലയിലെ വഴിയോരത്ത് മുള സര്‍ബത്ത് കുടിക്കാന്‍ വഴിയാത്രക്കാരുടെ തിരക്ക്. മുളന്തണ്ടിനകത്താണ് സര്‍ബത്ത് നല്‍കുന്നത്. 

 വടക്കാഞ്ചേരി അകമല സ്വദേശിനി വിബിതയാണ് ഇതിനുടമ.  പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിൽ നിന്നാണ് മുള സർബത്തിന്റെ ആശയം കിട്ടിയത്. ഗ്ലാസിനേക്കാൾ വലിപ്പമുണ്ട് മുളയ്ക്ക്. നാരങ്ങയും നന്നാരി സർബത്തും  സോഡയും ചില പ്രത്യേക ചേരുവകളും ചേര്‍ത്തതാണ് സര്‍ബത്ത്.  വഴിയോരത്തെ ഉന്തുവണ്ടിയിലാണ് വില്‍പന. വേറിട്ട രുചി നാട്ടിലെങ്ങും പെരുമ നേടിയതോടെ ആളുകള്‍ കൂടുതല്‍ എത്തിതുടങ്ങി. കുടം കലക്കി, പച്ചമാങ്ങ, നെല്ലിക്ക, ഇഞ്ചി തുടങ്ങി വ്യത്യസ്ത തരം സര്‍ബത്തുകള്‍ ഇവിടെ കിട്ടും. 

30 രൂപയാണ് നിരക്ക്. മുള സർബത്ത് ആളുകൾ ഏറ്റെടുത്തതോടെ ഒരു ദിവസം 15 കെയ്സ് സോഡ വേണം. വഴിയോരത്ത് ആദ്യം തുണിക്കച്ചവടമായിരുന്നു. പിന്നെയാണ്, സര്‍ബത്ത് കച്ചവടം തുടങ്ങിയത്. ഇതോടെ, കച്ചവടം പച്ചിപിടിച്ചു.