കുടിലിനൊരു കതകു ചോദിച്ചു; ഒരു വീടു തന്നെ നൽകാൻ ബോബി ചെമ്മണ്ണൂർ

അങ്ങനെ പാപ്പിയമ്മ ഹാപ്പിയായി. തകർന്നു വീഴാറായ കുടിലിന് ഒരു കതകായിരുന്നു ആവശ്യം. എന്നാൽ അടച്ചുറപ്പുള്ള ഒരു വീടു തന്നെ നിർമിച്ചു നൽകാമെന്ന് വാക്കു കൊടുത്തിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തലയോലപ്പറമ്പ് വടയാർ തേവലക്കാട് പാടത്തിന്റെ ഓരത്തെ കുടിലിൽ തനിച്ചു കഴിയുന്ന 98കാരിയ പാപ്പിയമ്മയ്ക്കാണ് ബോബി ചെമ്മണ്ണൂർ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി വീടു നിർമിച്ചു നൽകാനൊരുങ്ങുന്നത്. 

മൂന്ന് മാസത്തിനകം അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകിയാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്. പാപ്പിയമ്മയുടെ ഭർത്താവിനു കുടികിടപ്പായി കിട്ടിയ പത്തു സെന്റ് സ്ഥലം ഉണ്ടെങ്കിലും രേഖാമൂലം സ്വന്തം പേരിലാക്കാത്തതിനാൽ വീടിനു സർക്കാർ ധനസഹായം ലഭിച്ചില്ല.

ഭർത്താവ് മൈലാടി വർഷങ്ങൾക്കു മുൻപ് മരിച്ചു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ തനിച്ചായി. പറമ്പിൽ വീഴുന്ന തേങ്ങയും അടയ്ക്കയുമൊക്കെ പെറുക്കി കൂട്ടി തലയോലപ്പറമ്പ് ചന്തയിൽ കൊണ്ടുപോയി കൊടുത്തു ലഭിക്കുന്ന പണം കൊണ്ടാണ് പാപ്പിയമ്മ ജീവിക്കുന്നത്. നാട്ടിൻ പുറത്തെ ജീവിത രീതിയെ കുറിച്ച് ഹ്രസ്വ ചിത്രം എടുക്കാൻ വന്ന ക്യാമറാമാൻ മഹാദേവൻ തമ്പിയോട് മുണ്ടാർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് പാപ്പിയമ്മയുടെ അവസ്ഥ പറഞ്ഞത്. പാപ്പിയമ്മയുടെ ജീവിത രീതി പകർത്തിയ മഹാദേവൻ ചെയ്ത ഫോട്ടോഷൂട്ട് വൈറലായിരുന്നു. കുടിലിന് ഒരു വാതിൽ പിടിപ്പിച്ചു തരമോ എന്ന് തമ്പിയോട്  ചോദിച്ചിരുന്നു. പാപ്പിയമ്മയുടെ ചിത്രങ്ങള്‍ വൈറലായപ്പോളാണ് ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധയിലും പെട്ടത്.