എല്ലാത്തിനും റെക്കോ‍ർഡ് വേണം; തിരിച്ചടികൾ ആയുധം; വലിയ ലക്ഷ്യത്തിനായി അനീഷ്

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരത്തിനുടമയായ അനീഷിന്റെ ജീവിതം നല്ലൊരു മാതൃകയാണ്. വിജയത്തിലേക്കുള്ള വഴികളിലെ വെല്ലുവിളികളും അത് താണ്ടിയ ആത്മവിശ്വാസവുമൊക്കെ കേൾക്കുന്നവർക്ക് നൽകുന്നത് മുന്നേറാനുള്ള ആവേശമാണ്. 

ജീവിതത്തിലും ചെയ്യുന്നതിലെല്ലാം റെക്കോ‍ർഡ് വേണമെന്നാണ് അനീഷിന്റെ പോളിസി. അത് മുൻനിർത്തിയാണ് മുന്നോട്ടുള്ള പ്രായണങ്ങളൊക്കെയും.   2030 ആകുന്നതോടെ ഒരു വലിയ ‘കാർഷിക റെക്കോർഡാ’ണ് ലക്ഷ്യം. ഒരേക്കറിൽ നിന്നു ലഭിക്കുന്നതിന്റെ ഏറ്റവമധികം വരുമാനം നേടുകയെന്ന റെക്കോർഡാണ് ഇനി അനീഷിന്റെ സ്വപ്നം.

കൃഷിയിലെയും ജീവിതത്തിലും നേരിട്ട തിരിച്ചടികളൊക്കെ തന്റെ വിജയങ്ങൾക്ക് കരുത്ത് കൂട്ടാനാണ് അനീഷ് ഉപയോഗിച്ചത്.

വർഷങ്ങൾക്കു മുൻപ് അച്ഛൻ കൃഷി ചെയ്ത തെങ്ങിനെയും കമുകിനെയുമൊക്കെ രോഗങ്ങൾ കീഴടക്കി, പിന്നാലെ സഹോദരിയുടെ വിദ്യാഭ്യാസ വായ്പയുടെ ബാധ്യത പെരുകി ജപ്തിഭീഷണി. നിയമപരമായി സ്റ്റേ വാങ്ങിയാണ് ജപ്തി ഒഴിവാക്കിയത്. കടം വാങ്ങി ബാങ്കിലെ കടം വീട്ടി.

ഇലക്ട്രിക്കൽ– പ്ലമ്പിങ് ജോലി ചെയ്തു. ഇതേ തൊഴിൽ നിന്നാണ് കൃഷിക്കുള്ള മൂലധനവും കണ്ടെത്തിയത്. അമ്മ കൃഷി ചെയ്തിരുന്നത് കണ്ടാണ് അനീഷിന് ആ സ്വാധീനം വന്നത്. ബിരുദ കാലത്ത് നട്ട 600 റബർ തൈകൾ ദീർഘകാലം പരിപാലിച്ചു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും അനീഷ് മണ്ണ് വിട്ടില്ല.

5 ഏക്കർ സ്ഥലത്തു കൃഷി ആരംഭിച്ചു. ശാസ്ത്രീയമായ കൃഷിരീതിയാണ് അനീഷിന്റേത്. വിത്ത് തിരഞ്ഞെടുക്കുന്നത് മുതൽ പഠനം നടത്തും. കൃഷി അനുഭവങ്ങൾ ഫയലാക്കും. അടുത്ത കൃഷിക്ക് ഇതിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളും. പുതു തലമുറക്കും നിരവധി പാഠങ്ങൾ നൽകിയാണ് അനീശ് തന്റെ തേരോട്ടം തുടരുന്നത്.