അതിർത്തിക്കപ്പുറത്തോ ഇപ്പുറത്തോ? ഭാഗ്യവാനെത്തേടി 12 കോടി

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് – പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയ ഭാഗ്യവാൻ ചെങ്കോട്ടയിലെ ഗ്രാമത്തിൽ നിന്നുള്ളയാളെന്നു സൂചന. അതേസമയം, തെന്മല സ്വദേശിയാണു വിജയിയെന്ന കഥയും പ്രചരിക്കുന്നുണ്ട്. XG 358753 നമ്പറുള്ള ടിക്കറ്റ് വാങ്ങിയയാളാണ് ഇപ്പോഴും അജ്ഞാതനായി തുടരുന്ന കോടിപതി. കേരള –തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവിലെ ഭരണി എന്ന ലോട്ടറി മൊത്തവിൽപനശാലയിൽ നിന്നു വിറ്റ ടിക്കറ്റാണിത്. കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ട്രക്ക് – ലോറി ഡ്രൈവർമാർ ചായ കുടിക്കാനും മറ്റുമായി നിർത്തുന്ന സ്ഥലത്താണ് ലോട്ടറിക്കട. 

പുതിയ കോടിപതി കേരളത്തിലെയോ തമിഴ്നാട്ടിലെയോ ഡ്രൈവർമാരാകാനുള്ള സാധ്യതയുണ്ടെന്നു കടയിലെ ജീവനക്കാർ പറയുന്നു. ശബരിമല സീസണോടനുബന്ധിച്ച് അതിർത്തി വഴി യാത്ര ചെയ്ത അയ്യപ്പഭക്തരിൽ പലരും ഇവിടെ നിന്നു ടിക്കറ്റ് എടുത്തിരുന്നു. ഇതിനു മുൻപും ഭരണിയിൽ നിന്നു വിറ്റ ടിക്കറ്റിനു ബംപർ സമ്മാനം ലഭിച്ചിട്ടുണ്ട്. എന്തായാലും വിജയിക്കായി മധുരം ഉൾപ്പെടെ തയാറാക്കി കാത്തിരിക്കുകയാണ് ജീവനക്കാർ. ലോട്ടറിയടിച്ചത് ഇതര സംസ്ഥാനക്കാരനെങ്കിൽ ടിക്കറ്റ് ബാങ്ക് വഴിയോ നേരിട്ടോ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ അദർ സ്റ്റേറ്റ് ലോട്ടറി വിഭാഗത്തിൽ എത്തിക്കണം. ഇതിനൊപ്പം സത്യവാങ്‌മൂലം,തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം.  കേരളത്തിലാണു താമസമെങ്കിൽ അതിന്റെ രേഖകളും സമർപ്പിക്കണം. രേഖകളുടെ പരിശോധന പൂർത്തിയാക്കി മറ്റു പ്രശ്നങ്ങളില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ നികുതി കുറച്ചുള്ള തുക അക്കൗണ്ടിലെത്തും