വീടിനു മുന്നിലെ സമരം: ഷെഫീനയും മക്കളും വാതിൽ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു

നാദാപുരം  പേരോട്ടെ കിഴക്കെപറമ്പത്ത് ഉമ്മയും മക്കളും സമരമാരംഭിച്ചത് വാർത്തയായിരുന്നു.ഭർത്താവ് ഷാഫിയുടെ വീടിനു മുൻപിൽ സമരം തുടങ്ങിയ ഷഫീനയും 2 മക്കളും ഒടുവിൽ വാതിൽ തള്ളിത്തുറന്ന് വീടിനകത്തു കയറി. ഭർത്തൃവീട്ടുകാർ പൂട്ടി താക്കോലുമായി പോയ വീടിനുള്ളിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ഇവർക്ക് കയറാനായത്. സിപിഎം ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും വീടു തുറന്നു കൊടുക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

ഷാഫിയുടെ പേരിലുള്ള വീടും സ്ഥലവും പിതാവിന്റെ പേരിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഷഫീനയ്ക്കും മക്കൾക്കും വീട്ടിൽ പ്രവേശനം നിഷേധിച്ചത്. വീട് കുത്തിത്തുറന്നതിന് എതിരെ ഷാഫിയുടെ പിതാവ് കുഞ്ഞബ്ദുല്ല ഹാജി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. ഷഫീന ഇപ്പോഴും ഷാഫിയുടെ ഭാര്യയാണെന്നിരിക്കെ ഇക്കാര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.

ഷഫീനയെയും 2 മക്കളെയും വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്ന് ഇന്നലെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി പറഞ്ഞു. അസോസിയേഷൻ ഏരിയ നേതാക്കളായ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ടി.കെ.ലിസ, കെ.ശ്യാമള, കെ.ചന്ദ്രി, പി.ബിന്ദു എന്നിവരൊപ്പമെത്തിയ സതീദേവി ഷഫീനയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കനവത്ത് രവി, കെ.ചന്ദ്രശേഖരൻ, വി.കെ.സുരേഷ്ബാബു തുടങ്ങിയവരും വീട്ടിലെത്തി.