കൊച്ചിയുടെ വികസനപ്രതീക്ഷകളുമായി മേയർ; മെട്രോപൊളീറ്റന്‍ കൗണ്‍സിലിന് നീക്കം

കൊച്ചി നഗരത്തിന്റെ വിശാലവികസനത്തെ മുന്നില്‍ കണ്ട് സമീപ നഗരസഭകളെയും പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് മെട്രോപൊളീറ്റന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് മേയര്‍ എം.അനില്‍കുമാര്‍. എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മേയര്‍. വികസനത്തിനായുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ തിരഞ്ഞെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ക്കും  വ്യക്തികള്‍ക്കും അവസരം നല്‍കി ധനമന്ത്രി തോമസ് െഎസക് നാളെ കൊച്ചിയില്‍ നേരിട്ടെത്തുമെന്നും മേയര്‍ അറിയിച്ചു. 

കൊച്ചി നഗരത്തിലെ എല്ലാ തോടും വ്യത്തിയാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കിയത് വിശദീകരിക്കുമ്പോഴാണ് കൗണ്‍സിലിന്റെ അധികാരത്തില്‍ കടന്നുകയറില്ലെന്നും മേയര്‍ വിശദീകരിച്ചത്. നഗരം നേരിടുന്ന മാലിന്യപ്രശ്നത്തില്‍ ആദ്യമെ കയറി താന്‍ നടപടികളെടുത്താല്‍ വലിയ പ്രശ്നമുണ്ടാകും. പക്ഷെ മാലിന്യം ലോറിയിലടക്കം നിന്ന് തൊഴിലാളികള്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റമുണ്ടാകും. 

സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ റോഡുകളുടെയടക്കം പണി പൂർത്തിയായാൽ സൗന്ദര്യവല്‍ക്കരണത്തിന് സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളുടെയും സഹായം തേടും.നഗരസഭയുമായി ബന്ധപ്പെട്ട കേസുകളുെട സുഗമമായ നടത്തിപ്പിന് ലെയ്സണ്‍ ഒാഫീസറായി അഭിഭാഷകനെ കൊണ്ടുവരും. ഇതിനിടയില്‍ നഗരസഭ മന്ദിരമടക്കം പണിതതില്‍ മുന്‍ ഭരണസമിതികള്‍ക്കുണ്ടായ വീഴ്ചയും പറയാതെ പറഞ്ഞു മേയര്‍. അമ്പത് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന പുതിയ കൗണ്‍സില്‍ ഹാളിലടക്കം പുതിയതായി രൂപകല്‍പന ചെയ്യേണ്ട സാഹചര്യമാണ്. കെട്ടിടം നിര്‍മിച്ച കരാറുകാരന് നല്‍കാനുള്ളത് എട്ടുകോടി രൂപയാണ്. കേസ് നടക്കുകയാണെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ഇതിനിടയിലാണ് വിശാലവികസനത്തിന് മെട്രോപൊളീറ്റന്‍ കൗണ്‍സില്‍ നടപ്പാക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയതും.