അപകട വളവുകൾ സുരക്ഷിത പാതയാക്കും; ഇടപെട്ട് കലക്ടർ

കോഴിക്കോട് മേപ്പയൂര്‍ കൊല്ലം റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലെ നിരവധി യാത്രികര്‍ക്ക് ദേശീയപാതയിലെത്താന്‍ സൗകര്യം കൂടും. 

മേപ്പയൂരില്‍ നിന്ന് കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ പാത. കയറ്റവും അപകട വളവുകളുമാണ് നിലവിലെ യാത്രാപ്രതിസന്ധി. പുതിയ നിര്‍മാണത്തില്‍ പിഴവുകള്‍ പൂര്‍ണമായും പരിഹരിക്കുന്നതിനാണ് കലക്ടര്‍ നേരിട്ട് അലൈന്‍മെന്റ് പരിശോധിച്ചത്. ആറ് വളവുകള്‍ നേരെയാക്കാന്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കും. ഇരുചക്രവാഹന യാത്രികര്‍ പതിവായി അപകടത്തില്‍പ്പെടുന്ന കല്ലങ്കി കയറ്റത്തിന്റെ ഉയരം കുറയ്ക്കും. കനത്ത മഴയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡിന് കുറുകെ നാല്‍പ്പത്തി മൂന്ന് ഓവുപാലങ്ങള്‍ നിര്‍മിക്കും. ഓടകളുടെ നിര്‍മാണമുള്‍പ്പെടെ മികച്ചനിലയില്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കും. 

കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടിവരുന്ന തുകയുള്‍പ്പെടെ 38.4 കോടിയാണ് അനുവദിച്ചിട്ടുള്ളത്. പേരാമ്പ്ര, കൊയിലാണ്ടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ദേശീയപാതയിലേക്കുള്ള യാത്രയും സുഗമമാക്കും. കലക്ടറുടെ നേരിട്ടുള്ള പരിശോധനയില്‍ കൊയിലാണ്ടി തഹസില്‍ദാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.