നായ കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർ മരിച്ചു

റോഡിൽ വളർത്തുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ടു വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ ടൗൺ സ്റ്റാൻഡിൽ ആറു വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശ്ശേരിൽ വിജയമ്മ (54) ആണു മരിച്ചത്. വെളിയന്നൂർ–മംഗലത്താഴം റോഡിൽ പടിഞ്ഞാട്ടേൽപീടിക ഭാഗത്ത് ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം.

ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മൂന്ന് അതിഥിത്തൊഴിലാളികൾ സാരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഴവൂരിൽ നിന്ന് അതിഥിത്തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴാണ് അപകടം. വളർത്തുനായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. റോഡിൽ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ  വീണത്.

ഓടിക്കൂടിയ നാട്ടുകാർ ഓട്ടോറിക്ഷ ഉയർത്തി വിജയമ്മയെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.  ഇതിനു തൊട്ടുമുൻപ് യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു കുറുകെയും ഈ ഭാഗത്തു വച്ച് നായ ചാടിയെങ്കിലും യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വിജയമ്മയുടെ സംസ്കാരം ഇന്ന്. ഭർത്താവ് സോമൻ. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: സജിനു (ഇലഞ്ഞി), ഷാൽ, (മൂവാറ്റുപുഴ).