യുഡിഎഫ് അധികാരത്തിലെത്തിൽ കെ റയിൽ പദ്ധതി ചവറ്റുകുട്ടയിലിടും: കെ മുരളീധരൻ

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകുട്ടയിലിടുമെന്ന് കെ.മുരളീധരന്‍ എം.പി. സര്‍വേ കല്ലുകള്‍ സ്വകാര്യ ഭൂമിയിലിടാന്‍ അനുവദിക്കില്ല. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍ 

കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രാദേശികമായി സമരം ചെയ്യുന്നവരാണ് സംഘടിച്ച് ജില്ലാ ആസ്ഥാനത്തെത്തിയത്. വോട്ട് നഷ്ടമായാലും അധികാരം ലഭിച്ചാല്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് കെ.മുരളീധരന്‍ പ്രഖ്യാപിച്ചു.

നാല് രാജ്യാന്തരവിമാനത്താവളമുള്ള സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍പാതയുടെ ആവശ്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അനകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രാദേശിക സമരം സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് മാറ്റും. പാര്‍ലമെന്റിലും പ്രശ്നം ഉന്നയിക്കും. സാധാരണക്കാരെ ഒഴിപ്പിച്ച് നടപ്പാക്കാന്‍ ഉദേശിക്കുന്ന പദ്ധതിക്ക് സാധാരണക്കാര്‍ താമസിക്കുന്നിടത്ത് സ്റ്റോപ്പില്ലെന്ന വിമര്‍ശനവും പ്രതിഷേധത്തിലുയര്‍ന്നു.