തിയറ്ററുകളില്‍ സിനിമയെത്തി; മാസ്റ്ററിന് 'മാസ്' എന്‍ട്രി; ജയസൂര്യയുടെ വെള്ളം 22 ന്

പത്തുമാസത്തെ ഇടവേളയ്്ക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമയെത്തി. കോവിഡ് കാരണം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഇന്ന് രാവിലെ ഒമ്പത് മുതലാണ് പ്രദര്‍ശനം പുനരാരംഭിച്ചത്. വിജയ് നായകനായ തമിഴ് സിനിമ മാസ്റ്റര്‍ അഞ്ഞൂറിലധികം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള സിനിമയായി ജയസൂര്യ നായകനായ  വെള്ളം 22ന് തിയറ്ററുകളില്‍ എത്തും. 

തമിഴ്മണ്ണിനോട് ചേര്‍ന്നു കിടക്കുന്ന പാലക്കാട്ടെ കാഴ്ച‌യാണ്. ആവേശം മറച്ചുവയ്ക്കാതെ തിയറ്റുകളിലേക്ക് വിജയ് ആരാധകര്‍ ഒഴുകിയെത്തി. മാസ്കൊക്കെ ധരിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പൊലീസിന് ആരാധകരെ ഒാര്‍മിപ്പിക്കേണ്ടി വന്നു. പതാകയും വിജയുടെ ചിത്രം പതിച്ച ടീഷര്‍ട്ടും അണിഞ്ഞ് തിയറ്ററിനുള്ളിലും ആഘോഷം.

ആവേശം അണപൊട്ടിയപ്പോഴും കൊച്ചി ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പക്ഷെ ആരാധകര്‍ സാമൂഹിക അകലം ഉറപ്പിച്ചു.   ഇടവേളയില്‍ പോപ്കോണും സോഫ്റ്റ് ഡ്രിങ്ക്സുമൊക്കെയായി പ്രേക്ഷകര്‍ പഴയ സിനിമാക്കാലം വീണ്ടെടുത്തു. മൂന്നുമണിക്കൂര്‍ നീണ്ട സിനിമയ്ക്കൊടുവില്‍ ആവേശം തീര്‍ത്ത് വീണ്ടും പ്രതികരണം.