സമഗ്രപാക്കേജ് പ്രഖ്യാപിക്കാതെ തിയേറ്ററുകൾ തുറക്കില്ല: ഫിയോക്

സിനിമാമേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കില്ലെന്ന്  തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററുകൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾക്ക് പിന്നാലെയാണ് ഫിയോക് തീരുമാനം. കോവിഡിനെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ട് ഇന്ന് 205ദിവസം പിന്നിട്ടു.

തകർച്ചയിലായ സിനിമാമേഖലയ്ക്ക് സംസ്ഥാന സർക്കാരിന്റെ സഹായം അനിവാര്യമെന്ന് പറയുന്നു തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. വിനോദനികുതിയും തിയറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കണം.കെട്ടിടനികുതിയും ഒരുവർഷത്തേക്ക് ഒഴിവാക്കണം. ബാങ്കുകളിൽനിന്നും കെ.എസ്.എഫ്.സിയിൽനിന്നും വായ്പയെടുത്ത തിയറ്ററുകാർക്ക് പലിശ കുറച്ചുകിട്ടണം തുടങ്ങി അവഗണിക്കാനാകാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഫിയോക് പറഞ്ഞു.

തിയറ്ററുകാരിൽനിന്ന് പിരിഞ്ഞു കിട്ടാനുള്ള 25കോടി രൂപ നൽകാതെ സിനിമ നൽകില്ലെന്ന വിതരണക്കാരുടെ സംഘടന തീരുമാനത്തെ ഫിയോക് വിമർശിച്ചു. സിനിമയിൽ എല്ലാകാലത്തും കൊടുക്കൽ വാങ്ങലുകളുണ്ടെന്നും 17കോടി രൂപ വിതരണക്കാർ തിയറ്ററുകാർക്ക് നൽകാനുണ്ടെന്നും ഫിയോക് തിരിച്ചടിച്ചു.