തിയറ്ററുകൾ എന്നുതുറക്കും; മുഖ്യമന്ത്രിയുടെ മറുപടി

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും ഹോട്ടലുകളില്‍ ഇരുന്ന്് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. സ്കൂളുകള്‍ തുറക്കുമ്പോള്‍ സ്കൂളുകളില്‍ ഡോക്ടര്‍മാരുടെ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സിനിമ തീയറ്ററുകള്‍ തുറക്കുന്നതില്‍ വിശദമായ ആലോചന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

രണ്ടാം ലോക്ഡൗണിന് ശേഷം ഇതാദ്യമാണ് ബാറുകളില്‍ മദ്യപിക്കാനും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനും അനുമതി വരുന്നത്. കഴിഞ്ഞയാഴ്ചത്തേക്കാള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ടു ശതമാനം കുറവ് വന്നത് ഇളവുകള്‍ നല്‍കാന്‍ കാരണമായി. രണ്ടു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കേ ബാറുകളിലും ഹോട്ടലുകളിലും പ്രവേശനമുള്ളൂ. ജീവനക്കാരും രണ്ടു ഡോസ് വാക്സീന്‍ എടുത്തിരിക്കണം. അന്‍പതു ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. എ.സി. അനുവദനീയമല്ല എന്നിവയാണ് നിബന്ധനകള്‍. ഇതേ മാനദണ്ഡം അനുസരിച്ച് നീന്തല്‍കുളവും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാന്‍ അനുമതിയായി. 

സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ  പരിശോധന പൊലീസ് പൂര്‍ത്തായാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പിടിഎ എത്രയും വേഗം പുനസംഘടിപ്പിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്  സുപ്രീംകോടതി നിര്‍ദേശ പ്രകാരം അന്‍പതിനായിരം ധനസഹായം അനുവദിച്ച്  സര്‍ക്കാര്‍ ഉത്തരവിറക്കി. 

MORE IN KERALA