ബിജെപി-യുഡിഎഫ് കൂട്ടുകെട്ട്; എൽഡിഎഫിന്റെ അധാർമ്മികതക്കുള്ള മറുപടിയെന്ന് ജോസഫ്

തൊടുപുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരെഞ്ഞെടുപ്പിൽ ബി ജെ പി-യു ഡി എഫ് പരസ്യ കൂട്ടുകെട്ട്. സ്ഥിരം സമിതിയിലേക്ക്  നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് –ബി ജെ പി കൗൺസിലർമാർ  പരസ്പരം വോട്ട് ചെയ്തു. ഇതോടെ ഇടത് ഭരണത്തിലുള്ള തൊടുപുഴ നഗരസഭയിൽ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികൾ 

യു ഡി എഫിനും, രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികൾ ബി ജെ പി ക്കും ലഭിച്ചു.പി.ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ നഗരസഭയിൽ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചത് യു ഡി എഫിന് തിരിച്ചടിയായിരുന്നു. ഈ തിരിച്ചടി 

മറികടക്കുന്നതിനായാണ് ബി ജെ പിയുമായി  ധാരണയുണ്ടാക്കി നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യു ഡി എഫ് വിജയം ഉറപ്പാക്കിയത്.35  അംഗങ്ങളുള്ള തൊടുപുഴ നഗരസഭയിൽ എൽ ഡി എഫ് 14, യു ഡി എഫ് 13, , ബി ജെ പി 8 എന്നിങ്ങനെയാണ് കക്ഷി നില. രണ്ട് യു ഡി എഫ് വിമതരുടെ പിന്തുണയോടെ ഇടതുമുന്നണി ഭരണം നേടിയെങ്കിലും സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്യ സഖ്യത്തിൽ ഏർപ്പെടുകയായിരുന്നു. ഇതോടെ ആകെയുള്ള ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചും യു ഡി എഫ്-ബി ജെ പി സഖ്യം നേടി. നിലവിലുള്ള വോട്ടിങ് പ്രകാരം വിദ്യാഭ്യാസം, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളാണ് ബി ജെ പി ക്ക് ലഭിക്കുക. ക്ഷേമകാര്യം, ആരോഗ്യം, വികസനം എന്നി സ്ഥിരം സമിതികൾ യു ഡി 

എഫിനും ലഭിക്കും. കൗൺസിലിൽ എട്ട് അംഗങ്ങൾ മാത്രമുള്ള ബി ജെ പിക്ക് ഇരുപത് വോട്ടുകൾ ലഭിച്ചു. ബി ജെ പി-യു ഡി എഫ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിലെ ഒരംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.  ബി ജെ പി യുഡിഎഫ് കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നുവെന്ന്  നഗരസഭ ചെയർമാൻ  പറഞ്ഞു.അതേസമയം എൽ ഡി എഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തിരെഞ്ഞെടുപ്പ് ഫലമെന്ന് ജോസഫ് 

വിഭാഗം വ്യക്തമാക്കി.മുസ്ലിം ലീഗിലെ അഞ്ച് അംഗങ്ങൾ ബി ജെ പി സ്ഥാനാര്‍ഥികൾക്ക് വോട്ട് ചെയ്തത് ലീഗിനുള്ളിലും പ്രതിഷേധത്തിനിടയാക്കി.