വിവരാവകാശ നിയമം തുണച്ചു; കാണാതായ ബന്ധുവിനെ കണ്ടെത്തി; പോരാട്ട കഥ

പതിനാറ് വര്‍ഷം മുന്‍പ് കാണാതായ അടുത്ത ബന്ധുവിനെ വിവരാവകാശ നിയമത്തിലൂടെ കണ്ടെത്തിയ കാസര്‍കോട്ടുകാരനെ പരിചയപ്പെടാം. എ.ജീസ് ഓഫിസില്‍നിന്ന് വിരമിച്ച ബാലകൃഷ്ണന്‍ വിവരാവകാശ നിയമത്തിന്‍റെ സഹായത്തോടെ നടത്തിയ പോരാട്ടത്തിന്‍റെ കഥയറിയാം ഇനി.  

ചെറിയൊരു കുടുംബ പ്രശ്നത്തിന്‍റെ പേരില്‍ വീടും നാടും വിട്ടകലേണ്ടിവന്ന ഉറ്റ ബന്ധുവിനെ തിരിച്ചെത്തിക്കാനാണ് ബാലകൃഷ്ണന്‍ ശ്രമിച്ചത്. പലതവണ പരാജയപ്പെട്ടിട്ടും ബന്ധുവിനെ കണ്ടെത്താനും ബന്ധം കൂട്ടിച്ചേര്‍ക്കാനും തുടര്‍ച്ചയായി ശ്രമിക്കുന്നു. അവസാനം ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹത്തിന് മുന്‍പ് കണ്ടെത്തണം എന്ന് അതിയായി ആഗ്രഹിച്ചു. അതിനായി പരിശ്രമം ഊര്‍ജിതമാക്കി. ഈ അന്വേഷണത്തിന് വിവരാവകാശ നിയമം എങ്ങനെ സഹായിച്ചെന്ന് നോക്കാം. ബെംഗളൂരുവില്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്ന ബന്ധുവിന്‍റെ മേല്‍വിലാസമടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ബാലകൃഷ്ണന്‍ അപേക്ഷ നല്‍കി. വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആയിരുന്നതിനാല്‍ ആദ്യം നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കി. സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുകയല്ല, മുറിഞ്ഞുപോയ ബന്ധം വിളക്കിചേര്‍ക്കാനാണെന്ന് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അപ്പീല്‍ അധികാരി ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കി. 

ഡിറ്റക്ടീവ് ഏജന്‍സിയെ സമീപിച്ചപ്പോള്‍ അവര്‍ പതിനായിരങ്ങള്‍ ചെലവ് പറഞ്ഞു. സമീപിച്ച ജ്യോതിഷിയും മുന്നോട്ടുള്ള വഴി ബുദ്ധിമുട്ടിലായിരിക്കും എന്ന് പറഞ്ഞു. അപ്പോഴാണ് പത്തുരൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍വച്ചുള്ള വിവരാവകാശ അപേക്ഷ സഹായിച്ചത്.  പിന്നെയും ഏറെ മെനക്കെട്ടാണ് ബന്ധുവിനെയും കുടുംബത്തെയും കണ്ടെത്തിയതെങ്കിലും ഒരിക്കല്‍ അടഞ്ഞുപോയ വാതില്‍ തുറന്നിട്ടുതന്നത് വിവരാവകാശ നിയമമാണ്. അക്കൗണ്ട് ജനറല്‍ ഓഫിസിലെ ജീവനക്കാരനായിരുന്നു ബാലകൃഷ്ണന്‍ കീഴൂര്‍ സീനിയര്‍ ഓഡിറ്റിങ് ഓഫിസറായി വിരമിച്ചു. ഭാര്യ ആശയുമൊത്ത് വിശ്രമജീവിതം നയിക്കുന്നു. ഏകമകന്‍ ബെംഗളൂരുവില്‍ ഉദ്യോഗസ്ഥനാണ്.