വിവരാവകാശം നിലവിൽ വന്നിട്ട് 13 വർഷം; ഇനിയും ആശങ്കകൾ ബാക്കി

രാജ്യത്തിന്‍റെ ഭരണനിര്‍വഹണ രംഗത്ത്   സുതാര്യതയുടെ വെളിച്ചം വിതറിയ  വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം. പതിമൂന്നാം വാര്‍ഷികാഘോഷ വേളയില്‍ നിയമത്തിന്‍റെ ഭാവിയെക്കുറിച്ചുളള ആശങ്കയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ഇക്കാലയളവില്‍ അറുപത്തിയേഴ് വിവരാവകാശ പ്രവര്‍ത്തകരാണ് രാജ്യത്തുടനീളം കൊല്ലപ്പെട്ടത്.

ഭരണ രംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുളള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12ന് ഒന്നാം  യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് പാര്‍ലമെന്‍റ് പാസാക്കിയത്. സാധാരണക്കാര്‍ നിയമം കാര്യമായി ഉപയോഗിച്ചു തുടങ്ങിയതോടെ രാജ്യമുടനീളം ഉദ്യോഗസ്ഥരും മന്ത്രിമാരും സര്‍ക്കാരുകളുമെല്ലാം വല്ലാതെ പ്രതിസന്ധിയിലായി തുടങ്ങി. ഇതോടെ നിയമത്തില്‍ വെളളം ചേര്‍ക്കാനും നിയമത്തെ തന്നെ ഇല്ലാതാക്കാനുമുളള ശ്രമങ്ങള്‍ രാജ്യത്ത് വ്യാപകമായെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മാത്രം തീര്‍പ്പാകാതെ മുഖ്യവിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് പതിനയ്യായിരത്തോളം അപേക്ഷകളാണ്. മിക്ക സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ ഒഴിവുകള്‍ പോലും നികത്താന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല.