വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് തെറ്റായ വിവരം; പൊലീസുകാർക്കെതിരെ നടപടി

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് തെറ്റായ വിവരം നൽകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മിഷന്റെ നടപടി. കൊല്ലം കടയ്ക്കല്‍ സ്വദേശി നല്‍കി പരാതിയിലാണ് ഉദ്യോഗസ്ഥര്‍ക്ക് പിഴയും താക്കീതും വിവരാവകാശ കമ്മിഷന്‍ വിധിച്ചത്.

2015ൽ കടയ്ക്കൽ പൊലീസ് റജിസ്റ്റര്‍ ചെയ്ത ഒരു വ്യാജ രേഖ കേസിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ അന്തിമ ഉത്തരവ്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചോ, വിരലടയാള പരിശോധനാ റിപ്പോർട്ട് ലഭിച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം മണ്ണൂർ സ്വദേശി വി. ബിനോദ് ഉന്നയിച്ചത്. കുറ്റപത്രം സമർപ്പിക്കാതെ സമർപ്പിച്ചെന്ന് ഉൾപ്പെടെ തെറ്റായ വിവരമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നു രേഖാമൂലം മറുപടിയായി നല്‍കിയത്. ഇതിനിനെതിരെ പരാതിക്കാരന്‍ വിവരാവകാശ കമ്മിഷന് നല്‍കിയ ഹര്‍ജിയിലാണ് അംഗം കെ.എൽ. വിവേകാനന്ദന്റെ ഉത്തരവ്.

അന്നത്തെ കടയ്ക്കൽ സബ് ഇൻസ്പെക്ടർ കെ.ദിലീഷ് 25,000 രൂപ പിഴ ഒടുക്കണം. സിഐ എസ്.സാനി ഡിവൈഎസ്പിയായിരുന്ന ബി.കൃഷ്ണകുമാര്‍ എന്നിവരെ കമ്മിഷന്‍ താക്കീതും ചെയ്തു. ഒരു മാസത്തിനകം എസ്ഐ പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.