സിപിഎം നേതാവിന്‍റെ പേരുവെട്ടി ഗവര്‍ണര്‍; വെട്ട് ‘വിവരാവകാശ’ പട്ടികയില്‍

വിവരാവകാശ കമ്മിഷനില്‍ സർക്കാർ ശുപാർശ ചെയ്ത അംഗങ്ങളില്‍ നിന്നു സിപിഎം നേതാവിന്റെ പേരു ഗവര്‍ണര്‍ വെട്ടി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിലടക്കം ആരോപണവിധേയനായ എ.എ.റഷീദിന്റെ പേരാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും അടുപ്പക്കാരനാണ് പട്ടികയില്‍ നിന്നു ഗവര്‍ണര്‍ ഒഴിവാക്കിയ എ.എ.റഷീദ്.

കമ്മിഷനിലെ അഞ്ചംഗങ്ങളുടെ ഒഴിവിലേക്ക് സിപിഎം പാളയം ജില്ലാ കമ്മിറ്റിയംഗവും,മുന്‍ സിന്‍ഡിക്കേറ്റയംഗവുമായ എ.എ.റഷീദ്, സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാവ് കെ.എൽ. വിവേകാനന്ദൻ,വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി.സുധാകരൻ, പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.ആർ.ശ്രീലത, ടൈറ്റാനിയം മുൻ എം.ഡി സോമനാഥ പിള്ള എന്നിവരുടെ പേരുകളാണ് സർക്കാർ നിർദേശിച്ചത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന വിവാദത്തിടക്കം ആരോപണ വിധേയനായ വ്യക്തിയായ  എ.എ.റഷീദിന്റെ പേരിനെ കുറിച്ച് വ്യാപകമായ പരാതികള്‍ സര്‍ക്കാരിനു മുന്നിലും ഗവര്‍ണര്‍ക്കു മുന്നിലുമെത്തിയിരുന്നു. സർക്കാർ നിർദേശിച്ചവരുടെ യോഗ്യത അടക്കമുള്ള കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പട്ടിക ഗവർണർ മടക്കിയത്. എന്നാല്‍ വിശദീകരമമടക്കം പേരുകളില്‍ മാറ്റം വരുത്താതെ വീണ്ടും ഗവര്‍ണര്‍ക്കു മടക്കി. എന്നാല്‍ ഗവര്‍ണര്‍ എ.എ.റഷീദിന്റെ പേര് ഒഴിവാക്കി മറ്റു നാലു പേരുകള്‍ക്കു അംഗീകാരം നല്‍കുകയായിരുന്നു.

വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം ഉള്ളവരെ കമ്മിഷൻ അംഗങ്ങളായി നാമ നർദേശം ചെയ്യണമെന്നാണ് ചട്ടം. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു സർക്കാർ പട്ടിക ഗവർണറുടെ അടുത്തെത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മിഷനിലേക്ക് നിർദേശിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച് വലിയ വിവാദം ഉയർന്നിരുന്നു. അന്നും ഗവർണർ പട്ടിക തിരിച്ചയച്ചിരുന്നു.