‘സാറിന് വലിയ ഓഫിസ് എടുത്തൂടെ?’; ഇതെന്റെ വീടാണ്; ഒന്നേമുക്കാൽ സെന്റിലെ എംഎൽഎ

വീടു നിർമാണത്തിനു സഹായിക്കണമെന്ന അഭ്യർഥനയുമായി കോവളം എംഎൽഎ എം.വിൻസെന്റിന്റെ വീട്ടിൽ എത്തിയ ജലജ ഇറങ്ങാൻ നേരം ചോദിച്ചു, ‘സാറിന് കുറച്ചുകൂടി വലിയ ഓഫിസ് എടുത്തുകൂടേ?’ ഓഫിസല്ല, തന്റെ വീടാണ് ഇതെന്നു വിൻസെന്റ് പറഞ്ഞതു ജലജയ്ക്കു വിശ്വാസമായില്ല. ഇതാടാ എംഎൽഎയുടെ വീടെന്നു ജലജ പറഞ്ഞപ്പോൾ അവരുടെ ബന്ധു കൂടിയായ ഓട്ടോഡ്രൈവർ മൊബൈലിൽ എടുത്ത വിൻസെന്റിന്റെ വീടിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വന്നുകഴിഞ്ഞു. 

ശരിയാണോയെന്നാറിയാൻ ഒട്ടേറെപ്പേർ വിൻസെന്റിനെ വിളിക്കുകയാണിപ്പോൾ. വാടക വീട്ടിൽ കഴിയുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെക്കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെ തലസ്ഥാനത്തെ മറ്റൊരു വർത്തമാനമാണ് എംഎൽഎയായി അഞ്ചു വർഷമാകുന്ന വിൻസെന്റിന്റെ വീട്ടുവിശേഷങ്ങൾ.

ബാലരാമപുരം–വിഴിഞ്ഞം റോ‍ഡിൽ മുക്കാൽ കിലോമീറ്റർ കഴിയുമ്പോഴാണു വിൻസെന്റിന്റെ വീട്. പുറത്തു ചുമരിനോടു ചേർന്ന് സാനിറ്റൈസർ സ്റ്റാൻഡ് ഉണ്ട്. ചുമരിൽ എംഎൽഎയുടെ പേരും. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയുള്ള വീടിന്റെ മുൻഭാഗത്തെ മേൽക്കൂര ഷീറ്റാണ്. അതിനു പിന്നിൽ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിക്ക് 5 അവകാശികൾ. വിൻസെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാർഥി ആദിത്യൻ, പത്താം ക്ലാസ് വിദ്യാർഥി അഭിജിത്, മൂന്നു വയസ്സുള്ള മകൾ ആദ്യ.

അച്ഛൻ മൈക്കിൾ നൽകിയ സ്ഥലത്താണു വിൻസെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തിൽ നിന്നു ലഭിച്ച 4 സെന്റിൽ 7 വർഷം മുൻപു കടമുറികൾ വച്ചു. അതിൽ നിന്നുള്ള വരുമാനമാണു പൊതുപ്രവർത്തനത്തിന്റെ മൂലധനം. പക്ഷേ, അതിന്റെ വായ്പ 20 ലക്ഷം കഴിഞ്ഞു. ഉടൻ 1.45 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു തിങ്കളാഴ്ച സംസ്ഥാന സഹകരണ ബാങ്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇതിനിടെ അച്ഛന്റെ അടുത്ത ബന്ധുവിൽ വിൻസെന്റിനു നാലു സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതു കുടുംബത്തിനു പുറത്തു വിൽക്കാനാവാത്തതിനാലാണ് അതു വിൻസെന്റിന്റെ പേരിലായത്. അതിനുവേണ്ടി എംഎൽഎമാർക്കു വസ്തു വാങ്ങാനും വീടു നിർമിക്കാനുമുള്ള 20 ലക്ഷം രൂപ വായ്പ എടുത്തു. രണ്ടു വായ്പകളും അടച്ചു തീർക്കാതെ പുതിയൊരു വീടു നിർമിക്കാനാവില്ല.