നേട്ടമായി ഗെയിൽ പദ്ധതി; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഇന്ധനഉപഭോഗത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി- മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും. സ്ഥലമേറ്റെടുപ്പില്‍ മുടങ്ങിക്കിടന്ന പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

പൈപ്പ് ലൈന്‍ വഴി വീടുകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തിനും ഗെയില്‍ വഴിയൊരുക്കും.  കുടിവെള്ളം പൈപ്പ് ലൈന്‍ വഴി വീട്ടിലെത്തുന്നതുപോലെ  24 മണിക്കൂറും പ്രകൃതിവാതകവും പൈപ്പ് ലൈന്‍ വഴി വീടുകളുലേക്കെത്തും.

വ്യവസായിക വളര്‍ച്ചയ്ക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും മുതല്‍കൂട്ടാവുന്ന പദ്ധതിയാണ് ഗെയില്‍. 2010ല്‍ തുടങ്ങിയ നിര്‍മാണത്തിന്റെ ആദ്യഘട്ടം 2013ല്‍ കമ്മിഷന്‍ ചെയ്തെങ്കിലും തുടര്‍ന്നുള്ള ജോലികള്‍ സ്ഥലമേറ്റെടുപ്പിലെ തടസം കാരണം മുടങ്ങി. 

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയതതിനെ തുടര്‍ന്നാണ് ഏഴ് വര്‍ഷത്തിനുശേഷം പദ്ധതി യാഥാര്‍ഥ്യമാവുന്നത്. 

കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക്  ഉപയോഗിക്കാം. പാചക്കവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും

കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി ഏറെക്കുറേ പൂര്‍ത്തിയായി.. പെട്രോളനും ഡീസലിനും തീവില തുടരുമ്പോള്‍  കുറഞ്ഞ ചെലവില്‍  വാഹനങ്ങള്‍ക്ക് സിഎന്‍ജി ഇന്ധനം ലഭ്യമാകുന്നതും ആശ്വാസമാണ്.. ഗെയില്‍ വഴി സംസ്ഥാനത്തിന് 700 കോടി രൂപ വരെ നികുതി വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്തരീക്ഷമലിനീകരണം ഏറ്റവും കുറവുള്ള ഇന്ധനമായതുകൊണ്ട് പ്രകൃതിവാതകം ഹരിതവാതകമെന്നാണ് അറിയപ്പെടുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ഗവര്‍ണറും മുഖ്യമന്ത്രിയും കര്‍ണാടക ഗവര്‍ണറും കര്‍ണാടക മുഖ്യമന്ത്രിയുമടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും