ഗെയിലിൻറെ മറവിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നു, ആശങ്കയോടെ നാട്ടുകാർ

ഗെയ്ല്‍ പൈപ്പിടുന്നതിന്റെ മറവില്‍ കോഴിക്കോട് ആവളപ്പാണ്ടി പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. നിരവധി കുടുംബങ്ങളെ ബാധിക്കുന്ന തരത്തില്‍ സമീപത്തെ കുന്നിടിച്ചാണ് ഏക്കര്‍ക്കണക്കിന് പാടം നികത്തുന്നത്. കൃഷിയിടത്തിന്റെ നാശത്തിനൊപ്പം നിരവധിയാളുകളുടെ ജല ഉറവിടമായ തോടിന്റെ ഒഴുക്കും നിലയ്ക്കും. 

പൂവാലോറക്കുന്നാണ് ഇടിച്ച് നിരപ്പാക്കുന്നത്. വീട് വയ്ക്കാന്‍ സ്വകാര്യവ്യക്തി നേടിയ അനുമതി ഗെയ്ലിന് വേണ്ടി മണ്ണ് വില്‍ക്കുന്ന നിലയിലേക്കെത്തുകയായിരുന്നു. കുന്നിടിക്കലുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പുറമേയാണ് പത്തേക്കറിലധികം കൃഷിയിടം പൂര്‍ണമായും ഉപയോഗശൂന്യമാകുന്നത്. നിലവിലെ മണ്ണ് നിക്ഷേപം തുടര്‍ന്നാല്‍ ആവളപ്പാണ്ടിയെന്ന നെല്ലറയുടെ  നെഞ്ചുകീറി നാമാവശേഷമാകും. കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ ഗുളികപ്പുഴയുടെ ഒഴുക്ക് നിലയ്ക്കും. പേരിഞ്ചേരിക്കടവ് പേരിലൊതുങ്ങും. പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമമുണ്ടാകും. പൈപ്പിടുന്ന സ്ഥലത്തേക്ക് താല്‍ക്കാലിക റോഡെന്നാണ് ന്യായം. എന്നാല്‍ പണിപൂര്‍ത്തിയായാല്‍ മണ്ണ് മാറ്റുമോ എന്ന കാര്യത്തില്‍ ജില്ലാഭരണകൂടത്തിനും വ്യക്തതയില്ല. 

പ്രളയക്കെടുതി കഴിയും മുന്‍പാണ് ഇത്തരത്തില്‍ വീണ്ടും കുന്നിടിച്ച് നിരപ്പാക്കുന്നത്. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. ഇത് ഞങ്ങളുടെ പാടശേഖരത്തെ പൂര്‍ണമായും നശിപ്പിക്കും. മണ്ണ് നീക്കുമെന്നാണ് ഇവര്‍ പറയുന്നത്. അത് നടക്കുമോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല ചെറുവണ്ണൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ആവളപ്പാണ്ടിയില്‍ തരിശുകിടന്ന പ്രദേശങ്ങളിലെ കൃഷി കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയെത്തിയാണ് കൊയ്ത്തുല്‍സവത്തിലൂടെ ആഘോഷമാക്കിയത്. കൃഷിയിടത്തിലൂടെ പാത നിര്‍മിക്കുന്നതിന് പകരം നിലവിലെ റോഡുകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിക്ഷേപിച്ച മണ്ണ് നീക്കാതെ തുടര്‍നിര്‍മാണത്തിന് അനുവദിക്കില്ലെന്നും നാട്ടുകാര്‍ ജില്ലാകലക്ടറെ അറിയിച്ചിട്ടുണ്ട്.