മത്തായിയുടെ മരണം; ആത്മഹത്യയെന്നോ നരഹത്യയെന്നോ ഉറപ്പിച്ചു പറയാനാവില്ല; സിബിഐ

വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ സ്വദേശി പി.പി.മത്തായി മരിച്ചത് ആത്മഹത്യയെന്നോ നരഹത്യയെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്നു സിബിഐ. രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സിബിഐ രണ്ടു സാധ്യതയും തള്ളിക്കളയുന്നില്ല. മത്തായിയുടെ ശരീരത്തിലെ 12 പാടുകൾ കിണറ്റിൽ വീണപ്പോഴും തുടർന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലും ഉണ്ടായതാണെന്ന് വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകൾ മറ്റൊരു വിദഗ്ധ സംഘത്തെ ഉപയോഗിച്ചു വീണ്ടും പഠിക്കാൻ സിബിഐ സംഘം തീരുമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഡോ. കെ.പ്രസന്നൻ, പാലക്കാട് ജില്ലാ ആശുപത്രിയിലെ പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാൾ, എറണാകുളം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. എ.കെ.ഉന്മേഷ് എന്നിവരുടെ സംഘം കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയത്. കിണറ്റിൽ വീണ മത്തായി രക്ഷപ്പെടാൻ ശ്രമം നടത്തിയതായി രണ്ടാം പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. സാധാരണ നിലയിൽ മത്തായിയുടെ ശരീരത്തിലെ മുറിവുകളൊന്നും മരണകാരണമല്ല. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി കാര്യമായ പൊരുത്തക്കേടുകളൊന്നും രണ്ടാം റിപ്പോർട്ടിലില്ല. എന്നാൽ, മുറിവുകളും ചതവുകളും ഉണ്ടാകാനുള്ള കാരണങ്ങൾ സിബിഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നെറ്റിയിലും മൂക്കിന്റെ പാലത്തിനും ചതവുണ്ട്. ചെവിയുടെ മുകളിലായി ആഴത്തിൽ മുറിവുണ്ട്. തലയിൽ പല ഭാഗങ്ങളിലായി ചതവും പോറലുമുണ്ട്. ഇടത് കൈ മുട്ടിനോടു ചേർന്ന് ചതവും  കൈക്കുഴ തെറ്റിയിട്ടുമുണ്ട്. ഈ പരിക്കുകൾ കിണറ്റിലേക്കുള്ള വീഴ്ചയിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനും ഇടയിൽ ഉണ്ടായതാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഇരിക്കെ മത്തായി എങ്ങനെയാണ് കിണറ്റിൽ വീണതെന്നാണ് സിബിഐ സംഘം പരിശോധിക്കുന്നത്. കിണറ്റിലേക്ക് ചാടി മത്തായി ആത്മഹത്യ ചെയ്തതാണെന്ന് വനപാലകർ വിശദീകരിക്കുമ്പോൾ മത്തായിയെ കിണറ്റിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു.