മറിച്ച് അഭിപ്രായമെങ്കിൽ ജോസ് കെ.മാണിക്ക് ഇടതുമുന്നണിയില്‍ പറയാം: എകെ ശശീന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായിലെ പ്രചാരണത്തില്‍ മാണി സി.കാപ്പന്‍ വിട്ടുനിന്നുവെന്ന് അഭിപ്രായമുണ്ടെങ്കില്‍ ജോസ് കെ.മാണിക്ക് ഇടതുമുന്നണിയില്‍ പറയാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. സീറ്റുകള്‍ വെട്ടിക്കുറച്ചതില്‍ കാപ്പന് മാത്രമല്ല പ്രതിഷേധം. എലത്തൂരുള്‍പ്പെടെ എന്‍.സി.പി മല്‍സരിച്ച സീറ്റുകള്‍ വേണ്ടിവന്നാല്‍ മാറ്റുന്നതിന് എല്‍.ഡി.എഫിന് അധികാരമുണ്ടെന്നും ശശീന്ദ്രന്‍ കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു.  

പാലായിലെ ഇടതുമുന്നണി പ്രചാരണത്തില്‍ മാണി സി.കാപ്പന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മറിച്ചാണ് അഭിപ്രായമെങ്കില്‍ ജോസ്.കെ.മാണിക്ക് തുറന്ന് പറയാം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി മല്‍സരിച്ച എലത്തൂരുള്‍പ്പെടെയുള്ള സീറ്റുകളില്‍ മാറ്റമുണ്ടായേക്കാം. 

തകര്‍ന്ന വഞ്ചിയില്‍ ആളെക്കയറ്റാന്‍ ശ്രമിക്കുന്നത് പോലെയാണ് യു.ഡി.എഫ് കണ്‍വീനര്‍ പുതിയ പാര്‍ട്ടികള്‍ വരുമെന്ന് പറയുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചെന്ന അഭിപ്രായം എല്‍.ഡി.എഫിലെ ഭൂരിഭാഗം ഘടകക്ഷികള്‍ക്കുമുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.