മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം പഠിക്കാൻ മന്ത്രി ശശീന്ദ്രൻ ഇംഗ്ലണ്ടിൽ

കോഴിക്കോട്: പരിസ്ഥിതി ദിനത്തിൽ ഇംഗ്ലണ്ടിലെ ഊർജ സംരക്ഷണ ഗതാഗത മാർഗം കണ്ടറിഞ്ഞ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. യൂറോപ്പിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരങ്ങളിലൊന്നായ നോട്ടിങ്ങം സിറ്റിയിലാണ് മന്ത്രിയും സംഘവും യാത്ര ചെയ്തത്.

അതേ മാതൃകയിൽ മലിനീകരണം തീരേകുറഞ്ഞ ‘യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി’ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള പ്രാഥമിക ചർച്ചകൾ നഗരസഭാ പ്രതിനിധികളുമായി നടത്തിയതായി മന്ത്രി പറഞ്ഞു.

നോട്ടിങ്ങം സിറ്റിയിലെ ഓപ്റ്റർ (Optare) എന്ന കമ്പനി അശോക് ലെയ്‌ലാൻഡിനു കീഴിലുള്ള ഇലക്ട്രിക് ബസ് നിർമാതാക്കളാണ്. കമ്പനി പ്രതിനിധികളുമായും ചർച്ച നടത്തി. ഈ കമ്പനി കേരളത്തിൽ ബസ് നിർമാണം തുടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റീചാർജ് കാർഡുപയോഗിച്ച് സഞ്ചരിക്കാവുന്ന ബസുകൾ, ബസ് പോയന്റുകളുടെ മാതൃകകൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. 9 വരെയാണ് യുകെ സന്ദർശനം.