അകത്ത് പ്രതിരോധം, പുറത്ത് ജനക്കൂട്ടം; നിർദേശങ്ങൾ പറപറന്ന തിരഞ്ഞെടുപ്പ്

ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് ചെയ്ത് മടങ്ങാൻ വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയെത്തിയതോടെ മിക്കയിടങ്ങളിലും സാമൂഹിക അകലം  നിർദേശങ്ങളിലൊതുങ്ങി. കോവിഡ് മാനദണ്ഡം പാലിക്കാൻ വോട്ടർമാരോട് അഭ്യർഥിച്ച് ഉദ്യോഗസ്ഥരും മടുത്തു.  

ബൂത്തിനകത്ത് മാസ്ക്കുണ്ട്, സാനിറ്റൈസറുണ്ട് സാമൂഹിക അകലമുണ്ട്. എന്നാൽ ബൂത്തിന് പുറത്തേക്ക് നോക്കിയാൽ ജനക്കൂട്ടം മാത്രം. നിലത്ത് വൃത്തം വരച്ച് ആളുകളെ അകലം പാലിച്ച് നിറുത്താനുള്ള ശ്രമമെല്ലാം പാളി. ഒരു കൈ അകലമെങ്കിലും വിട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞ് പറഞ്ഞ് മടുത്തു. മൂന്നുറിലേറെ പേർ ഒരേ സമയം ബൂത്തിന് മുൻപിൽ നിരനിൽക്കുന്ന സാഹചര്യവും ഉണ്ടായി. 

വോട്ട് ചെയ്ത ശേഷം കറങ്ങി നടന്ന വരും ഉദ്യോഗസ്ഥർക്ക് തലവേദനയുണ്ടാക്കി.മിക്കയിടങ്ങളിലും രാവിലെ ആറു മുതൽ തന്നെ ബൂത്തുകൾക്ക് മുൻപിൽ വലിയ നിര രൂപപ്പെട്ടു.

അവസാന മണിക്കൂറിൽ കോവിഡ് രോഗികൾ വോട്ട് ചെയ്യാൻ വരുമെന്ന അറിവും രാവിലത്തെ തിരക്കിന് കാരണമായി.