ഗർഭിണിയെ ആക്രമിച്ച കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കുടുംബത്തിന്റെ സത്യാഗ്രഹം

നെടുമ്പാശേരിയില്‍ ഗര്‍ഭിണിയെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി. ഓഫിസിന് മുന്നില്‍ കുടുംബത്തിന്റെ സത്യഗ്രഹ സമരം. പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നെടുമ്പാശേരി സ്റ്റേഷനിലെ പൊലീസുകാരനെതിരെ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

ഒരു വര്‍ഷത്തിലധികമായി ഈ കുടുംബം നേരിടുന്ന മാനസിക സംഘര്‍ഷവും, നിരാശ്രയത്വവും, ഭയവുമെല്ലാമുണ്ട് സേതുലക്ഷ്മിയുടെ വാക്കുകളില്‍. എറണാകുളം ജില്ലയിലെ ആദ്യകാല സി.പി.എം നേതാവും ചെങ്ങമനാട് പഞ്ചായത്തിലെ മുന്‍ പ്രസിഡന്റുമായിരുന്ന കെ.വാസുവിന്റെ കൊച്ചുമകന്‍ ലിജിനും കുടുംബവുമാണ് നീതി തേടി എസ്.പി. ഓഫിസിന് മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് രാത്രി പത്തിന് നെടുവന്നൂരിലായിരുന്നു ആക്രമണം. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നു വഴിയില്‍ കുടുങ്ങിയ ഇരുവരെയും ഓട്ടോയിലെത്തിയ സമീപവാസിയായ സനീബ് ആക്രമിച്ചു. വഴിയരുകില്‍നിന്ന സേതുലക്ഷ്മിയോട് അപമര്യാദയായി പെരുമാറി. ഇത് ചോദ്യം ചെയ്ത ലിജിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. മൊഴിയെടുത്ത നെടുമ്പാശേരി പൊലീസ് അത് വായിച്ചു കേള്‍പ്പിക്കാനോ എഫ്.ഐ.ആറിന്റെ പകര്‍പ്പു നല്‍കാനോ തയാറായില്ലെന്ന് കുടുംബം പറഞ്ഞു. പോരാത്തതിന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമവും. ചെങ്ങമനാട് സി.ഐ നടത്തുന്ന പുനരന്വേഷണവും പ്രഹസനമായതോടെയാണ് സമരത്തിനെത്തിയത്.

സമരം തുടങ്ങിയ ഉടന്‍തന്നെ കുടുംബത്തെ എസ്.പി ഓഫിസിലേക്ക് വിളിപ്പിച്ചു. പ്രതി ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് ഒരു പരാതികൂടി നല്‍കാനും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കുമെന്ന് എസ്.പി നല്‍കിയ ഉറപ്പില്‍ തല്‍ക്കാലികമായി സമരം അവസാനിപ്പിച്ചു.