മുടക്കിയ ലക്ഷങ്ങളും പുഴയും പായല്‍ മൂടിയ നിലയില്‍; നരിക്കിലാപ്പുഴ പ്രതിസന്ധിയിൽ

കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലെ നരിക്കിലാപ്പുഴയുടെ വികസനം പ്രതിസന്ധിയില്‍. എണ്‍പത് ലക്ഷം രൂപ മുടക്കിയിട്ടും പായല്‍മൂടിയ അവസ്ഥയില്‍ നിന്ന് പുഴയുടെ പ്രതാപം വീണ്ടെടുക്കാനായില്ല. പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും തുടരുകയാണ്. 

മുടക്കിയ ലക്ഷങ്ങളും പുഴയും പായല്‍ മൂടിയ നിലയിലാണ്. ശാസ്ത്രീയ നവീകരണം പൂര്‍ത്തിയാക്കാത്തതിനാല്‍ സ്വാഭാവിക നീരുറവകള്‍ പൂര്‍ണമായും തടസപ്പെട്ടു. മൂന്ന് കുടിവെള്ള പദ്ധതികള്‍ നിലച്ചു. ഇരുകരകളിലും ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കൈതയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരുടെയും 

കാര്യവും ദുരിതത്തിലായി. സംരക്ഷണഭിത്തിയുള്‍പ്പെടെ പൊളി‍ഞ്ഞ് മാറിയത് നിര്‍മാണത്തിലെ അപാകത. കരയില്‍ പൂന്തോട്ടമുള്‍പ്പെടെ നിര്‍മിച്ച് മികച്ച ജല ഉറവിടമായി നരിക്കിലാപ്പുഴയെ മാറ്റുമെന്ന പ്രഖ്യാപനം ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ മാത്രമായെന്നാണ് പരാതി. 

ഒരു കോടി ഇരുപത് ലക്ഷം രൂപയില്‍ പൂര്‍ണ നവീകരണമെന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍ അഴിമതി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. പായല്‍ നീക്കം ചെയ്ത് കൊതുക് വളര്‍ത്തല്‍ കേന്ദ്രമെന്ന ആക്ഷേപമെങ്കിലും ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.