ചത്ത കടുവയ്ക്കരികിൽ നിന്ന് രണ്ട് കു‍ഞ്ഞുങ്ങളെ കണ്ടെത്തി; വനം വകുപ്പിന്റെ പരിചരണത്തിൽ

വയനാടുമായി അതിർത്തി പങ്കിടുന്ന ഗൂഡല്ലൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ സമീപത്തു നടത്തിയ തിരച്ചിലിൽ  രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തി. ജനിച്ചു ആഴ്ചകൾ മാത്രം  പ്രായമുള്ളതാണ് കുഞ്ഞുങ്ങൾ. 

ഇരുപത് ദിവസം മാത്രം പ്രായമുള്ള രണ്ട് ആൺ  കുഞ്ഞുങ്ങളാണ്. മസിനഗുഡി ആച്ചിക്കര വനത്തിലാണ്  കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ  കുഞ്ഞുങ്ങളെ കണ്ടെത്തി.

സാധാരണ രണ്ടര വയസു വരെ കടുവ  കുഞ്ഞുങ്ങൾ അമ്മയെ പൂർണ്ണമായും ആശ്രയിച്ചാണ് ജീവിക്കാറുള്ളത്. അതിജീവിക്കാനുള്ള പാഠങ്ങൾ പഠിച്ചതിനു ശേഷമാണ് വിട്ടു പോവുക. ഇവയെ ഇനി കാട്ടിലേക്ക് വിടാനാവില്ല. കുഞ്ഞുങ്ങൾക്ക്  ദേശീയ കടുവ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചുള്ള  പരിചരണം നൽകും. അമ്മ കടുവക്ക് പുറത്ത് പരുക്കുകളൊന്നുമില്ല.  മരണ കാരണം കണ്ടെത്താൻ.  ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു.