പെരിയാർ കടുവാ സങ്കേതത്തിലെ പെൺകടുവ മുങ്ങിച്ചത്തത്; പോസ്റ്റുമോർട്ടം ഫലം

മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ വിട്ട പെൺകടുവ മുങ്ങിച്ചത്തതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം ഫലം. ആന്തരികാവയവങ്ങളുടെ സാംപിളുകൾ മൂന്ന് ലാബുകളിൽ പരിശോധനയ്ക്ക് അയക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം ജഡം ദഹിപ്പിച്ചു.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സീനിയറോടയിലെ  ജലാശയത്തിൽ ഇന്നലെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തിയ ഭാഗത്ത് രണ്ടു ദിവസമായി ശക്തമായ മഴയുണ്ടായിരുന്നു.  തടാകത്തിലൂടെ നീന്തിയ ശേഷം കരയിലേക്ക് ചാടുന്നതിനിടെ വീണ്ടും വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മുള്ളൻപന്നിയുടെ മുള്ളു കൊണ്ട് കൈക്ക് മുറിവേറ്റിരുന്നു. തേക്കടിയിലെത്തിച്ച ജഡം  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം രൂപീകരിച്ച പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തി. പെരിയാർ കടുവ സങ്കേതം വെറ്റിനറി സർജൻ ഡോ. അനുരാജിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.

മൂന്നാർ നയ്മക്കാട്ടിലെ ജനവാസ കേന്ദ്രത്തിൽനിന്ന് പിടികൂടിയ കടുവയെ ഏഴാം തീയതിയാണ് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്.