പാട്ടും ഭക്ഷണവും സിനിമയുമായി കൂടാം; കോവിഡ് മറികടക്കാൻ പുതുവഴി തേടി സ്റ്റാർ ഹോട്ടലുകൾ

കോവിഡ്  കവർന്നെടുത്ത കാലവും കച്ചവടവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ സ്റ്റാർ ഹോട്ടലുകൾ. സാധാരണക്കാരെവരെ ലക്ഷ്യമിട്ട് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ ആരംഭിച്ച കണ്ടെയിനർ കിച്ചനും സൺസെറ്റ് സിനിമയുമാണ്  കൊച്ചിയിലെ പുതിയ ട്രെൻഡ്.

മാസ്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. മറയില്ലാത്ത ചിരിയും സൗഹൃദങ്ങളും പലരുചികളിലെ ഭക്ഷണവും സിനിമയും അങ്ങനെ ആ ഇഷ്ടങ്ങളെ പതിയെ തിരിച്ചുകൊണ്ടുവരികയാണ് കൊച്ചി. ബർഗറും പീസയും സാൻവിച്ചും മറ്റ് സിഗ്നേച്ചർ വിഭവങ്ങളുമടക്കം സ്റ്റാർ ഹോട്ടലിന് പുറത്ത് സ്ഥാപിച്ച കണ്ടെയ്നറിൽ അടുക്കളയൊരുക്കി വിളമ്പുകയാണ് ലേ മെറിഡിയൻ ഹോട്ടൽ . കാർഗോ ബൈറ്റ്സ് എന്ന കിച്ചനിലെ രുചി ആസ്വദിക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒട്ടേറെ പേർ എത്തുന്നു. 125 രൂപമുതൽ പരമാവധി 375രൂപ വരെയാണ് വില.

കോവിഡ് കാലം തകർത്തുകളഞ്ഞ സിനിമാമേഖല ഇനിയും തിരിച്ചെത്തിയിട്ടില്ല. പക്ഷെ ഭക്ഷണത്തിനൊപ്പം ഇവിടെ സ്വന്തം കാറിൽ ഇരുന്ന് ഇഷ്ട സിനിമകൾ നിങ്ങൾക്ക്  ആസ്വദിക്കാം. പുറത്തെ വലിയ സ്ക്രീനിലെ സിനിമയിലെ കഥാപാത്രങ്ങൾ നിങ്ങളോട് കാറിനുള്ളിൽ സംസാരിക്കും. വിശാലമായ ഹോട്ടൽ മൈതാനത്ത് കാറുകളിൽ സിനിമ കാണാൻ എത്തുന്നവരും നിരവധി. കോവിഡ് കാലത്തെ  ഉൾക്കൊണ്ട്  സംരംഭകർ പരീക്ഷണങ്ങൾ തുടരുമ്പോൾ ആ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ് കൊച്ചി.