സ്മാർട്ട്ഫോൺ കാലത്തും സ്വീകാര്യതയേറി ടിവി; ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് ലോക ടെലിവിഷൻ ദിനം. സ്മാർട് ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഇക്കാലത്തു നമ്മുടെ സ്വീകരണ മുറികളിൽ  തലയെടുപ്പോടെ തന്നെ നിൽക്കുന്നുണ്ട് ടെലിവിഷൻ. ടിവിയുള്ള വീടുകളുടെ എണ്ണം വർഷം പ്രതി വർധിക്കുന്നതിന്റെ പിന്നിലും ഈ സ്വീകാര്യത തന്നെ.

1996 നവംബർ 21നു ആദ്യ ലോക ടെലിവിഷൻ ഫോറം സംഘടിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഈ ദിവസം ലോക ടെലിവിഷൻ ദിനമായി യു എൻ പൊതുസഭ പ്രഖ്യാപിച്ചത്. ലോക മെമ്പാടുമുള്ള ജനജീവിതത്തിൽ ദൃശ്യ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം എത്രയെന്നതിന്റെ ഓർമ്മപ്പെടുത്തലിന് ഒരു ദിവസം.  നമ്മുടെ അഭിപ്രായവും രാഷ്ട്രീയവും   രൂപികരിക്കുന്നതിലും ഈ ചതുരപ്പെട്ടി വഹിച്ച പങ്ക് നിർണായകമാണ്. ഇന്ന് കാണുന്ന ടെലിവിഷന്റെ പിന്നിൽ ഒരു പാട് പേരുടെ ബുദ്ധിയും അദ്ധ്വാനവുമുണ്ട്. 

വ്ലാദിമിർ കെ സ്വരികിൻ, ജോണ് ലോജി ബേർഡ്, പോൾ നിപ്കോവ്, ചാൾസ് ഫ്രാൻസിസ് ജെങ്കിൻസ്, ഫിലോ ടി ഫാൻസ്വാർത്ത് എന്നിവർ അവരിൽ പ്രധാനികൾ. കിട മത്സരം നടക്കുന്ന ഇലക്ട്രോണിക് വിപണിയിൽ സ്മാർട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മീതെ ഉയർന്നു നിൽക്കുന്നുണ്ട് ടെലിവിഷൻ വിൽപന. ടിവിയുള്ള വീടുകളുടെ എണ്ണം 2023ൽ 1.74 ബില്ല്യൺ ആയി ഉയരുമെന്നാണ് പഠനങ്ങൾ. പിക്ചർ ട്യൂബുള്ള ടെലിവിഷനുകളിൽ നിന്നു  എൽസിഡി , എൽ ഇ എടി മോഡലുകളിലേക്കുള്ള മാറ്റം കുറച്ചൊന്നുമല്ല വിപണിയിൽ തരംഗം സൃഷ്ടിച്ചത്. കനമുള്ള ചതുരപ്പെട്ടിയിൽ നിന്നും ഭാരം കുറഞ്ഞ ഉപകരണങ്ങലായുള്ള രൂപമാറ്റവും ടിവിയെ കൂടുതൽ ജനപ്രിയമാക്കി. സ്ക്രീൻ റെസല്യൂഷന്റെ മികവും ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങളും വിപണിയിൽ മാറ്റുരച്ചു. വാർത്തകളും വിനോദ പരിപാടികളും ഇടവിടാതെ നമ്മുക്ക് മുന്നിലെത്തിച്ച് നമ്മുടെ ജീവിതങ്ങളെ അത്രമേൽ എൻഗേജ്ഡ് ആക്കുന്നുണ്ട് ഈ ഉപകരണങ്ങൾ.