മിനിറ്റിൽ 366 ഇടി; ലോക റെക്കോർഡിട്ട് പൊലീസുകാരൻ

ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരന്റെ ഇടികൊണ്ടാല്‍ ആരും വീണുപോകും. ഒരു മിനിറ്റില്‍ പ്രവീണ്‍കുമാര്‍ ഇടിക്കുന്നത് മുന്നൂറ്റി അറുപത്തിയാറ് തവണയാണ്. ആരും ഭയപ്പെടേണ്ട, പ്രതികളെ തല്ലാനല്ല ലോകറെക്കോര്‍ഡ് നേടാനാണ് ഈ സിവില്‍ പൊലീസ് ഓഫിസര്‍  ഇടിക്കാരനായത്.

സ്ട്രെച്ച് പഞ്ച് അഥവാ ഒന്നൊന്നര ഇടി. ഒരു മിനിറ്റില്‍ 366 പഞ്ചിങ് നടത്തി ഈ പൊലീസുകാരന്‍ ഇടിച്ചുകയറിയത് നൊബേല്‍ വേള്‍ഡ് റിക്കോര്‍ഡ്സിലേക്കാണ്. ഈകൈവേഗം കണ്ടാല്‍ കുറ്റവാളികള്‍ ഒന്ന് പേടിക്കും. പക്ഷേ ചോദ്യംചെയ്യല്‍ മുറയായൊന്നും പ്രവീണ്‍കുമാര്‍ ഇത് പുറത്തെടുക്കാറില്ല. ലോകത്തിന് മുന്നില്‍ കേരളത്തിന് അഭിമാനമായി കൈക്കരുത്തിനെ മാറ്റിയെന്ന് മാത്രം. മികച്ച പരിശീലനത്തിന് സമയംകിട്ടിയത് കോവിഡ് കാലത്തും. 

മിനിറ്റില്‍ 322 ഫുള്‍ സ്ട്രെച്ച് പഞ്ചിങ് എന്ന ചെക്ക് താരത്തിന്റെ റിക്കാര്‍ഡാണ് പ്രവീണ്‍ തകര്‍ത്തത്. ഈ പ്രകടനം ഗിന്നസ് റെക്കോർഡിനായും സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ആലപ്പുഴ അര്‍ത്തുങ്കലിലെ ദ്രാവിഡ കളരിയിലാണ് ശിക്ഷണം. പ്രവീണ്‍ കുമാറിന് കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റുമുണ്ട്.